ഇന്ന് മകരസംക്രാന്തി

makarasankranthi

രാജ്യത്തുടനീളം അത്യാഹ്‌ളാദപൂര്‍വ്വം ആഘോഷിക്കുന്ന ഉത്സവമാണ് മകരസംക്രാന്തി. ഇന്ത്യയിലങ്ങോളമിങ്ങോളം വിവിധ ആചാരങ്ങളോടെ ഈ ദിവസം ആഘോഷിക്കുന്നു. ഈ വര്‍ഷം ഇത് ജനുവരി 14ന് ആചരിക്കുന്നു. തമിഴ്നാട്ടില്‍ പൊങ്കല്‍, ആസാമില്‍ മാഘ് ബിഹു, ആന്ധ്രാപ്രദേശിലെ പെദ്ദ പാണ്ഡുഗ, മധ്യ-ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളില്‍ മകരസംക്രാന്തി, ഗുജറാത്തില്‍ കൈറ്റ് ഫെസ്റ്റിവല്‍ എന്നിങ്ങനെ പല പേരുകളില്‍ മകരസംക്രാന്തി അറിയപ്പെടുന്നു. പുണ്യനദികളിലുള്ള സ്‌നാനവും തീര്‍ത്ഥാടനങ്ങളും മേളകളും ഉത്സവത്തിന്റെ ഭാഗമാണ്

ദക്ഷിണായനം പൂര്‍ത്തിയാക്കി സൂര്യന്‍ ഉത്തരായനത്തിലേക്ക് കടക്കുന്ന ദിവസമാണ് മകരസംക്രാന്തി. ഈ ദിനത്തില്‍ സൂര്യന്‍ ധനുരാശിയില്‍ നിന്ന് മകരരാശിയിലേക്ക് പ്രവേശിക്കുന്നു. ഹിന്ദു ആചാരങ്ങളില്‍ ശുഭകാര്യങ്ങള്‍ക്കും കര്‍മങ്ങള്‍ക്കും ഉചിതമായ കാലമായി ഉത്തരായനത്തെ കരുതുന്നു. കേരളത്തില്‍ മകര സംക്രാന്തി ദിനത്തിലാണ് ശബരിമലയില്‍ മകരവിളക്ക്. മകരസംക്രാന്തി നാളില്‍ ഭഗവാന്‍ അയ്യപ്പന്റെ വിഗ്രഹത്തില്‍ തിരുവാഭരണങ്ങള്‍ ചാര്‍ത്തി ദീപാരാധന നടത്തുന്നതോടെ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയുന്നു. ആകാശത്ത് മകര നക്ഷത്രമുദിക്കുന്നു.

വര്‍ഷത്തിലെ ആദ്യ ഹിന്ദു ഉത്സവമാണ് മകരസംക്രാന്തി. ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ച് ആചരിക്കുന്ന ഒരേയൊരു ഹിന്ദു ഉത്സവമാണിത്. എന്നാല്‍, ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത് ഡിസംബര്‍ 31 ന് ആഘോഷിക്കാറുണ്ടായിരുന്നു.

തെക്കന്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ ഉത്സവം പൊങ്കല്‍ ആയി ആഘോഷിക്കുന്നു. ഗുജറാത്തില്‍ മകര സംക്രാന്തി ഉത്തരായന്‍ എന്നറിയപ്പെടുന്നു. ആസാമിലെ മകരസംക്രാന്തി ഭോഗാലി ബിഹു, മാഘ് ബിഹു എന്നും ബീഹാറില്‍ ടില്‍ സംക്രാന്തി എന്നും അറിയപ്പെടുന്നു. മിക്കവാറും എല്ലാ ഇന്ത്യന്‍ സംസ്ഥാനങ്ങളും വ്യത്യസ്ത പേരുകളില്‍ ഉത്സവം ആഘോഷിക്കുന്നു.

കേരളത്തില്‍ മകര സംക്രാന്തി ദിനത്തിലാണ് ശബരിമലയില്‍ മകരവിളക്ക്. മകരസംക്രാന്തി നാളില്‍ ഭഗവാന്‍ അയ്യപ്പന്റെ വിഗ്രഹത്തില്‍ തിരുവാഭരണങ്ങള്‍ ചാര്‍ത്തി ദീപാരാധന നടത്തുന്നതോടെ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയുന്നു. ആകാശത്ത് മകര നക്ഷത്രമുദിക്കുന്നു. ഈ സമയം വീടുകളില്‍ സന്ധ്യാദീപം തെളിച്ച് ശരണം വിളിക്കുന്നത് ഐശ്വര്യം വരുത്തുമെന്നും പറയപ്പെടുന്നു.

ഈ ദിവസം ശീതകാലത്തിന്റെ അവസാനവും വസന്തത്തിന്റെ തുടക്കവും അടയാളപ്പെടുത്തുന്നു. ഈ ദിവസത്തിന്റെ രാത്രിയും പകലും ഒരുപോലെ ദൈര്‍ഘ്യമുള്ളതാണ്. തുടര്‍ന്നങ്ങോട്ട് പകല്‍ ചൂടുള്ളതും ദൈര്‍ഘ്യമേറിയതുമായ ദിവസങ്ങളുടെ ആരംഭത്തെ സൂചിപ്പിക്കുന്നു. ഹിന്ദുവിശ്വാസങ്ങള്‍ പ്രകാരം ഉത്തരായനത്തിലെ രാത്രികള്‍ പവിത്രമായി കണക്കാക്കുന്നു.

ഇന്ത്യയില്‍ പലയിടത്തും മകരസംക്രാന്തി ആഘോഷങ്ങളുടെ അവിഭാജ്യ ഘടകമാണ് പട്ടം പറത്തല്‍, പ്രത്യേകിച്ച് ഗുജറാത്തില്‍. ഈ പാരമ്പര്യത്തിന്റെ ശാസ്ത്രീയ പ്രാധാന്യം എന്തെന്നാല്‍, നീണ്ട ശൈത്യകാലത്തിനുശേഷം സൂര്യന്‍ അതിന്റെ ശേഷി പുനസ്ഥാപിക്കുന്ന കാലമായതിനാല്‍ പട്ടങ്ങള്‍ പറത്തുന്നതിലൂടെ നമ്മുടെ ശരീരത്തെ അണുബാധകളില്‍ നിന്നും അണുക്കളില്‍ നിന്നും ശുദ്ധീകരിക്കുകയും ചെയ്യുന്നു എന്നതാണ്.

ഐതിഹ്യമനുസരിച്ച്, സൂര്യന്‍ തന്റെ മകന്‍ ശനിയുമായി അകല്‍ച്ചയിലായിരുന്നു. എന്നിരുന്നാലും, മകരസംക്രാന്തി ദിനത്തില്‍ സൂര്യന്‍ ശനിയെ സന്ദര്‍ശിക്കുകയും ഒടുവില്‍ ക്ഷമിക്കുകയും ചെയ്യുന്നു. അങ്ങനെ, മകരസംക്രാന്തി ക്ഷമിക്കുന്ന ദിവസമായി അടയാളപ്പെടുത്തുന്നു. മുന്‍കാല വഴക്കുകള്‍ മറന്ന് സ്‌നേഹം നിറയുന്ന ദിവസം. ഈ ദിവസം എള്ള് കൊണ്ട് ലഡ്ഡൂ നിര്‍മിച്ച് വിതരണം ചെയ്യുന്നത് ശുഭമായി കണക്കാക്കപ്പെടുന്നു.

ഉത്തര്‍പ്രദേശിലെ പ്രസിദ്ധമായ കുംഭമേള സാധാരണയായി മകരസംക്രാന്തിയില്‍ ആരംഭിക്കുമ്പോള്‍ കേരളത്തിലെ ശബരിമല തീര്‍ത്ഥാടനങ്ങള്‍ ഈ ദിവസം അവസാനിക്കുന്നു. മിക്ക സംസ്ഥാനങ്ങളിലും അവിടവിടങ്ങളിലെ പുണ്യനദികളില്‍ ഈ ദിവസം മുങ്ങിക്കുളിക്കുന്നത് പുണ്യമായി കണക്കാക്കപ്പെടുന്നു. അവയില്‍ ഏറ്റവും പ്രസിദ്ധമായത് ബംഗാളിലെ ഗംഗാസാഗര്‍ മേളയാണ്.

മകരസംക്രാന്തി ദിനത്തില്‍ ഭാഗീരത മുനിയെ പിന്തുടര്‍ന്ന് ഗംഗ ഒടുവില്‍ സമുദ്രത്തെ കണ്ടുമുട്ടിയതായി പറയപ്പെടുന്നു. ഈ ദിവസം സമുദ്രവും നദിയും കൂടിച്ചേരുന്നതിന്റെ ആഘോഷമായി ഗംഗാസാഗറില്‍ ഭക്തര്‍ മുങ്ങിക്കുളിക്കുന്നു. ഇത് പുണ്യമായി കണക്കാക്കപ്പെടുന്നു.

മഹാഭാരതത്തില്‍ പറയുന്നത് ഭീഷ്മപിതാമഹന്‍ ശരശയ്യയില്‍ കിടന്നെങ്കിലും ദക്ഷിണായനത്തില്‍ തന്റെ ജീവന്‍ ബലിയര്‍പ്പിച്ചില്ല, സൂര്യന്‍ ഉത്തരായനത്തില്‍ പ്രവേശിക്കുന്നതു വരെ കാത്തിരുന്നു. മകരസംക്രാന്തി ദിനത്തില്‍, ഉത്തരായനത്തില്‍ സൂര്യന്‍ പ്രവേശിച്ചപ്പോള്‍ ഭീഷ്മ പീതാമഹന്‍ അദ്ദേഹത്തിന്റെ ശരീരം ഉപേക്ഷിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു. എന്തെന്നാല്‍, ഉത്തരായനകാലത്ത് മരിക്കുന്നതിലൂടെ ആത്മാവിന് മോക്ഷം ലഭിക്കുന്നു.