തമോഗര്‍ത്തം അഥവാ BLACK HOLE

black hole

നമ്മള്‍ പലപ്പോഴും കേള്‍ക്കുന്ന ഒരു പദപ്രയോഗമാണ് തമോഗര്‍ത്തം എന്നത്. പക്ഷേ അതെന്താണെന്ന് പൂര്‍ണ്ണമായും മനസ്സിലാക്കാത്തവര്‍ക്ക് വേണ്ടിയാണീ ലേഖനം.

പേരിലൊരു ഗര്‍ത്തമുണ്ടെങ്കിലും ശരിക്കും തമോഗര്‍ത്തത്തില്‍ ഗര്‍ത്തമൊന്നും ഇല്ല. തമോഗര്‍ത്തമെന്നതു വളരെയധികം വസ്തുക്കള്‍ വളരെ ദൃഢമായി ഒരുമിച്ചു നില്‍ക്കുന്ന ബഹിരാകാശത്തെ ഒരു സ്ഥലം ആണ്. ഈ വസ്തുക്കളുടെ പിണ്ഡം വളരെ അധികമായതുകൊണ്ട് അവിടെ ഗുരുത്വാകര്‍ഷണവും വളരെ കൂടുതല്‍ ആയിരിക്കും. ഗുരുത്വാകര്‍ഷണം വളരെക്കൂടുതല്‍ എന്ന് വെച്ചാല്‍ പ്രകാശം പോലും കടത്തിവിടാന്‍ സമ്മതിക്കാത്തത്രെം ആകര്‍ഷണം. അതിനാല്‍ത്തന്നെ അവ ഈ പ്രപഞ്ചത്തിലെ ഏറ്റവും തീവ്രമായ ഒരു സ്ഥലമായി മാറുന്നു.

പിണ്ഡം മാത്രമല്ല സാന്ദ്രതയും അവിടെ വളരെക്കൂടുതല്‍ ആണ്. അതായതു ന്യൂയോര്‍ക്ക് നഗരത്തിന്‍റെ വലുപ്പമുള്ള ഒരു തമോഗര്‍ത്തത്തിനു നമ്മുടെ സൂര്യന്‍റെ അത്രയും പിണ്ഡവും ഗുരുത്വാകര്‍ഷണവും ഉണ്ടാകും.

സാധാരണയായി സുര്യന്‍റെ 10 ഇരട്ടിയെങ്കിലും വലുപ്പമുള്ള ഭീമാകാരന്മാരായ നക്ഷത്രങ്ങളില്‍ നിന്നാണ് തമോഗര്‍ത്തങ്ങള്‍ ഉണ്ടാകുന്നത്. ഒരു ഭീമന്‍ നക്ഷത്രം അത് നശിക്കുമ്പോള്‍ അവ ചുരുങ്ങി ചുരുങ്ങി ഒരു ചെറിയ കറുത്ത പൊട്ടായി മാറുന്നു, പക്ഷേ ആ ചെറിയ പൊട്ടിന് ആ നക്ഷത്രത്തിന്‍റെ അത്രയും തന്നെ പിണ്ഡവും ഗുരുത്വാകര്‍ഷണവും കാണും. ഇങ്ങനെയുണ്ടാകുന്ന തമോഗര്‍ത്തങ്ങളെ സ്റ്റെല്ലാര്‍ തമോഗര്‍ത്തങ്ങള്‍ എന്നു പറയുന്നു.
നമ്മുടെ മില്‍ക്കീവേയില്‍ തന്നെ ഇത്തരത്തിലുള്ള 100 മില്ലിയണ്‍ തമോഗര്‍ത്തങ്ങള്‍ ഉണ്ടെന്നാണു അനുമാനിക്കുന്നത്. കൂടാതെ ഓരോ സെക്കന്ഡിലും പുതിയ ഒരെണ്ണം രൂപപ്പെടുന്നുമുണ്ടത്രെ!!

തമോഗര്‍ത്തത്തിലൂടെ ഒന്നും കടന്നു പോകുകയില്ല, എക്സ്റേ പോലും.അതുകൊണ്ട് തന്നെ അവയെ കാണാന്‍ സാധ്യമല്ല. ശാസ്ത്രജ്ഞര്‍ അവയുടെ ചുറ്റുപാടുകള്‍ നിരീക്ഷിച്ചിട്ടാണു തമോഗര്‍ത്തങ്ങളെക്കുറിച്ചു പഠിക്കുന്നത്.