ലോക പാമ്പ് ദിനം(World Snake Day)

World Snake Day

ഇന്ന് ജൂലൈ 16 ലോക പാമ്പ് ദിനം. പാവം ജീവികളായ പാമ്പുകളെക്കുറിച്ച് കുറച്ചെങ്കിലും അറിയാൻ ശ്രമിച്ചാൽ അവയോടുള്ള പേടിയും വെറുപ്പുമൊക്കെ തനിയെ മാറും.
ഉരഗവർഗ്ഗത്തിൽ പെട്ട ജീവികളാണ് പാമ്പുകൾ.കാലം അല്പം മാറിയെങ്കിലും കാണുന്നമാത്രയിൽ പാമ്പിനെ തല്ലിക്കൊല്ലാൻ വടിയന്വേഷിക്കുന്നവരാണ് ഇപ്പോഴും നമ്മളിൽ പലരും. ഇന്ത്യയിലാകെ 300 ഇനം പാമ്പുകളാണുള്ളത്. അവയിൽ മൂന്നിലൊന്നും കേരളത്തിലാണുള്ളതെന്നറിയുമ്പോൾ നമുക്കുചുറ്റുമുള്ള ജൈവവൈവിധ്യം മനസ്സിലാക്കാവുന്നതേയുള്ളൂ. കേരളത്തിലെ 106 ഇനം പാമ്പുകളിൽ അഞ്ചിനത്തിന് മാത്രമാണ് മനുഷ്യന് മരണം സംഭവിക്കുന്നരീതിയിൽ പരിക്കേൽപ്പിക്കാനാവുക. ആറെണ്ണത്തിന് ചെറിയ തോതിൽ വിഷമുണ്ടെങ്കിലും ജീവന് ഹാനികരമല്ല. ബാക്കി 95 ഇനങ്ങൾ വിഷമില്ലാത്തവയാണ്. പലപ്പോഴും ഉഗ്രവിഷമുള്ളതെന്ന് സംശയിച്ച് വിഷമില്ലാത്ത പാവത്താന്മാരായ പാമ്പുകളെ നമ്മൾ തല്ലിക്കൊല്ലാറുണ്ട്. ലോകത്തിലെ ഏറ്റവും നീളമുള്ള പാമ്പ് റെട്ടികുലേറ്റഡ് പൈത്തൻ ആണ്.

എല്ലാ പാമ്പുകളും മാംസഭുക്കുകളാണ്.തവള,എലി,ചെറുപക്ഷികൾ,മുട്ട എന്നിവയാണ് സാധാരണ ഭക്ഷണം. ഒരു പാമ്പിനു താമസിക്കാൻ ഒരു പ്രത്യേക പ്രവിശ്യ ഉണ്ടായിരിക്കും.
അവിടുത്തെ ഏകാധിപതി ആയിരിക്കും അവൻ.അവന്റെ സാമ്രാജ്യത്തിലേക്ക് മറ്റൊരു ആൺ പാമ്പ് കടന്നു വന്നാൽ അവർ തമ്മിൽ വഴക്കുണ്ടാകും. ഒരു പക്ഷെ നമ്മളെ സംബന്ധിച്ചിടത്തോളം മാതൃകാപരം എന്നൊക്കെ വേണമെങ്കിൽ പറയാവുന്ന തരം വഴക്ക്.രണ്ടാളും ചുറ്റിപ്പിണഞ്ഞു തല നിലത്തു നിന്ന് ആവുന്നത്ര ഉയർത്തി പിടിക്കും.എന്നിട്ട് എതിരാളിയുടെ തല നിലത്തു മുട്ടിക്കാൻ പരസ്പരം തള്ളും.ആരുടെ തല ആദ്യം നിലത്തു മുട്ടുന്നോ അയാൾ പരാജയം സമ്മതിക്കും.എന്നിട്ട് പുതിയൊരു താമസ സ്ഥലം തേടി പോകും.
രാജവെമ്പാല, അണലി, മൂർഖൻ, വെള്ളിക്കെട്ടൻ, ചുരുട്ടമണ്ഡലി ഇൻലാന്റ്, പൈത്തൺ (ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പ്) വിഷമുള്ള പാമ്പുകൾ ആണ്. പെരുമ്പാമ്പ്, മലമ്പാമ്പ്, ചേര, ഇരട്ടത്തലയൻ, പച്ചിലപാമ്പ്‌, വെള്ളിവരയൻ പാമ്പ്, കാട്ടുപാമ്പ് ഇവ വിഷമില്ലാത്തവയാണ്. കടലിൽ ജീവിക്കുന്ന പാമ്പുകൾ മാരകവിഷമുള്ളവയാണ്. പ്രസവിക്കുന്ന പാമ്പുകളാണ് അണലി, പച്ചിലപാമ്പ്‌, ഇരുതലയൻ, മണ്ണൂലി, ചുരുട്ടമണ്ഡലി, അനാക്കോണ്ട എന്നിവ. പാമ്പിന്റെ ഏറ്റവും വലിയ ശത്രു മനുഷ്യർ തന്നെ. പൊതുവെ പാമ്പുകൾക്ക് വിഷമുള്ളതിനാലും ഭയപ്പാടും മൂലം അവയെ കൊന്നൊടുക്കുക പതിവാണ്. ജീവികളിൽ പാമ്പിന്റെ ശത്രുക്കൾ കീരി, പരുന്ത്, മൂങ്ങ, മയിൽ എന്നിവയാണ്. സർപ്പാരാധന മാനവ സംസ്കൃതികളിൽ സാമാന്യമായി കാണാവുന്നതാണ്. സർപ്പക്കാവുകളെ കേന്ദ്രീകരിച്ചാണ് കേരളത്തിൽ സർപ്പാരാധന അധികം നടക്കുന്നത്.