തന്റെ ഏറ്റവും വലിയ കരുത്ത് എല്ലാ കാര്യങ്ങൾക്കും മാതാപിതാക്കൾ കൂടെയുള്ളതാണ്; ദിവ്യാ ഉണ്ണി

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിലൊന്നാണ് ദിവ്യ ഉണ്ണി. നടി എന്നതിലുപരി മികച്ച ഒരു നർത്തകി കൂടിയാണ് ദിവ്യ ഉണ്ണി. വിവാഹശേഷമുള്ള തന്റെ ജീവിതത്തെ കുറിച്ചും മക്കളുടെ ജനനത്തെ കുറിച്ചുമുള്ള കാര്യങ്ങൾ പ്രേക്ഷകരോട് പങ്കുവെച്ചിരിക്കുകയാണ് ദിവ്യ ഉണ്ണി. ഒരു സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ദിവ്യ ഉണ്ണി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. എന്റെ ഇരുപതുകളുടെ അവസാനത്തിലാണ് മക്കളായ അർജുനും മീനാക്ഷിയും ജനിക്കുന്നതെന്ന് ദിവ്യാ ഉണ്ണി പറഞ്ഞു. പിന്നീട് 38 -ാം വയസ്സിലാണ് ഇളയമകൾ ഐശ്വര്യ ഉണ്ടാകുന്നത്. മൂന്നാമത്തെ പ്രസവത്തിന് ശേഷം തിരികെ നൃത്തത്തിലേക്ക് സജീവമായി വരുന്നത് ഇരുപതുകളിലേത് പോലെ അത്ര എളുപ്പമായിരുന്നില്ലെന്ന് ദിവ്യാ ഉണ്ണി വ്യക്തമാക്കി.

അതിനായി കൂടുതൽ പ്രയത്നിക്കേണ്ടതായി വന്നിരുന്നു. തന്റെ ഏറ്റവും വലിയ കരുത്ത് എല്ലാ കാര്യങ്ങൾക്കും മാതാപിതാക്കൾ കൂടെയുള്ളതാണ്. അതുകൊണ്ടാണ്, ചില നിർണായക തീരുമാനങ്ങൾ എടുക്കാനും മുന്നോട്ടു പോകാനും സാധിച്ചത്. ജീവിതത്തിലെ ഇന്റൻസ് ആയ ചില നിമിഷങ്ങളിൽ, സിംപിളായി വലിയ കാര്യങ്ങൾ അവർ തന്നോട് പറഞ്ഞിട്ടുണ്ട്. എന്തു വേണമെങ്കിലും നീ തീരുമാനിച്ചോ, എന്തിനും ഒപ്പമുണ്ടെന്നാണ് പറഞ്ഞത്. ഇക്കാര്യം സിംപിളാണ്. പക്ഷേ, വലിയ വാക്കുകളാണ് അത്. അതുകൊണ്ട് ഞാൻ എടുത്ത ചില തീരുമാനങ്ങളുണ്ട്. അതാണ് തന്നെ മുന്നോട്ടു കൊണ്ടു പോയതെന്ന് താരം ചൂണ്ടിക്കാട്ടി.

അവർ ഒരിക്കലും ഒന്നും ലൈറ്റായിട്ട് എടുക്കുന്നത് താൻ കണ്ടിട്ടില്ല. ഡാൻസോ സിനിമയോ ഒരാൾക്ക് കൊടുത്ത വാക്കാണെങ്കിലും അങ്ങനെയാണ്. എന്നാൽ ഇതൊക്കെ തനിക്ക് ഇപ്പോഴാണ് മനസ്സിലാകുന്നത്. സമൂഹത്തിലെ മാറ്റങ്ങളെക്കുറിച്ചൊക്കെ തനിക്കും ബോധ്യമുണ്ട്. ചിലതൊക്കെ അസ്വസ്ഥമാക്കാറുമുണ്ട്. നമ്മൾ മാധ്യമങ്ങളിൽ കാണുന്ന ജീവിതമല്ല സത്യം എന്നുള്ളത് മക്കളെ മനസ്സിലാക്കി കൊടുക്കുക എന്നത് തന്നെ വലിയ ഉത്തരവാദിത്തമാണ്. പണ്ടത്തെ പേരന്റ്സ് അങ്ങനെയായിരുന്നില്ല. ഇപ്പോഴത്തെ കുട്ടികൾ കാണുന്നത് എല്ലാം റീലുകളാണ്. അതിൽ കാണുന്നതെല്ലാം റിയൽ അല്ലെന്ന് അവർക്ക് പറഞ്ഞു കൊടുക്കേണ്ടി വരികയാണെന്നും ദിവ്യാ ഉണ്ണി പറഞ്ഞു.

സ്ത്രീകൾ ശക്തരായി തന്നെ നിൽക്കണമെന്ന് തനിക്ക് തോന്നിയിട്ടുണ്ട്. പക്ഷേ, ശക്തയാകാൻ വഴക്കാളി ആകണമെന്നുള്ള ചിന്ത വരരുത്. പറയാനുള്ളത് തുറന്നു പറയണം. നമുക്ക് യോജിക്കാൻ പറ്റാത്ത കാര്യങ്ങൾ വിയോജിക്കുന്നെന്ന് തന്നെ പറയണം. പക്ഷേ, അത് ബഹളമുണ്ടാക്കി പറഞ്ഞാലേ ആളുകൾ കേൾക്കൂ എന്നല്ല. അവർ കേട്ടില്ലെങ്കിൽ വേണ്ട. അത് നമ്മെ ബാധിക്കാത്ത തലത്തിലേക്ക് ഉയരണം. നമ്മുടെ മനസ്സിനാണ് ആ ശക്തി കൊടുക്കേണ്ടതെന്ന് തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും ദിവ്യാ ഉണ്ണി കൂട്ടിച്ചേർത്തു.