ന്യൂഡൽഹി: മുൻ ഡിജിപി ജേക്കബ് തോമസിന് എതിരായ ഡ്രഡ്ജർ അഴിമതി കേസിലെ അന്വേഷണം നീളുന്നതിൽ സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തി. അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാൻ എത്ര തവണ സമയം നൽകിയെന്ന ചോദ്യമാണ് കോടതി ഉന്നയിച്ചത്. കേസിലെ നിർണായകമായ രേഖ കണ്ടെത്താൻ സമയം നീട്ടി നൽകണമെന്നായിരുന്നു കഴിഞ്ഞ രണ്ടു തവണയും കോടതിയിൽ സംസ്ഥാനം ആവശ്യപ്പെട്ടത്. തുടർന്നാണ് അന്വേഷണം നീളുന്നതിൽ ഉത്തരവിൽ കോടതി അതൃപതി രേഖപ്പെടുത്തിയത്.
ഏപ്രിൽ 19ന് നകം കേസിൽ അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം. രഹസ്യരേഖയായി റിപ്പോർട്ട് സമർപ്പിക്കാനാണ് സുപ്രീം കോടതി ആവശ്യപ്പെട്ടത്.
അടുത്ത മാസം 26ന് കേസ് വീണ്ടും പരിഗണിക്കും. സംസ്ഥാന സർക്കാരിനു വേണ്ടി സീനിയർ അഭിഭാഷകൻ ഹരേൻ പി. റാവലും സ്റ്റാൻഡിങ് കൗൺസിൽ ഹർഷദ് വി. ഹമീദും ഹാജരായി. കൂറെ നാളുകളായി പോലീസ് അന്വേഷണം നടത്തുകയാണെന്നൂം ഒന്നും കണ്ടത്താനായില്ലെന്നുമാണ് ജേക്കബ് തോമസിന് വേണ്ടി ഹാജരായ അഭിഭാഷകൻ എ കാർത്തിക് കോടതിയിൽ വ്യക്തമാക്കിയത്.

