അസീസിനോട് പ്രോഗ്രാം നിർത്താന്‍ പറഞ്ഞിട്ടില്ലെന്ന് നടന്‍ അശോകന്‍

അസീസിനോട് പ്രോഗ്രാം നിർത്താന്‍ പറഞ്ഞിട്ടില്ലെന്നും തന്റെ വ്യക്തിപരമായ കാര്യമാണ് പറഞ്ഞതെന്നും നടന്‍ അശോകന്‍. “പുള്ളിയുടെ പ്രഫഷൻ നിർത്തുന്നത് എന്തിനാണ്?. അസീസ് പ്രോഗ്രാം ചെയ്യുന്നത് ഞാൻ അങ്ങനെ പറഞ്ഞതുകൊണ്ട് നിർത്താൻ പറ്റുമോ. അങ്ങനെ ചെയ്യേണ്ട കാര്യമുണ്ടോ. ഞാൻ പറയുകയുമില്ല. അത് പുള്ളിയുടെ ഇഷ്ടമാണ്. ഞാൻ എപ്പോഴും പറയുന്നത് അസീസ് നല്ല മിമിക്രി ആർട്ടിസ്റ്റാണ് നല്ല കലാകാരനാണെന്നാണ്. എന്നാൽ എന്നെ ചെയ്തത് പലതും എനിക്ക് ഇഷ്ടമല്ല. പണ്ടെന്നോ പറഞ്ഞത് നോക്കേണ്ട കാര്യമില്ല. പിന്നീട് തോന്നിയ കാര്യങ്ങളാണ് ഞാൻ പറഞ്ഞത്. എന്നെ വളരെ അധിക്ഷേപിച്ച് ചെയ്യുന്ന ക്ലിപ്പുകൾ ഞാൻ കണ്ടു. എന്നെ കളിയാകുന്നതായോ ആക്ഷേപിക്കുന്നതായോ അരോചകമായിട്ടോ എനിക്ക് തോന്നി.’’– അശോകൻ പറഞ്ഞു.

‘‘എന്നെ ഇമിറ്റേറ്റ് ചെയ്തതിന് കൃത്യമായ മറുപടി ഞാൻ കൊടുത്തതാണ്. ഇനി അതിനെക്കുറിച്ച് ഒരു വിവാദം ഉണ്ടാകണമെന്നില്ല. വിവാദം ഉണ്ടായാലും എനിക്ക് ആ കാര്യത്തിൽ വിഷമം ഒന്നുമില്ല. ഞാൻ കറക്റ്റ് ആയിട്ട് സത്യസന്ധമായ കാര്യമാണ് പറഞ്ഞത്. അസീസ് നല്ല മിമിക്രി ആർട്ടിസ്റ്റ് ആണ്, നല്ല കലാകാരനാണ്. അത് തന്നെയാണ് ഞാൻ പറഞ്ഞത്. ചില സമയങ്ങളിൽ എന്നെ ചെയ്യുന്നത് എനിക്ക് ഉൾക്കൊള്ളാൻ പറ്റുന്നില്ല. കളിയാക്കി അധിക്ഷേപിച്ച് കാണിക്കുന്ന പോലെ തോന്നിയിട്ടുണ്ട്. അസീസ് എന്നെ കാണിക്കുന്നത് ഇഷ്ടമല്ല എന്ന് പറയാൻ കാരണം അതാണ്. മുൻപ് ചിലപ്പോൾ കൊള്ളാമെന്ന് പറഞ്ഞിട്ടുണ്ടാകും. പെട്ടെന്ന് ഒരാൾ എല്ലാവരുടെയും മുമ്പിൽവച്ച് ചെയ്യുന്നത് ശരിയല്ല എന്ന് പറയുന്നത് മോശമല്ലേ” എന്നും ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അശോകന്‍ പറഞ്ഞു.

അസീസ് നെടുമങ്ങാട് ഒരു സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നടന്ന പ്രസ്മീറ്റില്‍ ഇനി അശോകനെ വേദികളിൽ അവതരിപ്പിക്കില്ലെന്ന് പറഞ്ഞതിനോടു പ്രതികരിക്കുകയായിരുന്നു താരം.