നവകേരളാസദസ്സിൽ പങ്കെടുത്ത് എ വി ഗോപിനാഥ്; ബഹിഷ്‌കരണാഹ്വാനം യുഡിഎഫിന്റേതാണെന്ന് പ്രതികരണം

പാലക്കാട്: കോൺഗ്രസ് വിമതനും ഡിസിസി മുൻ പ്രസിഡന്റുമായ എ വി ഗോപിനാഥ് നവകേരളാസദസ്സിൽ പങ്കെടുത്തു. പാലക്കാട് നവകേരള സദസിലാണ് അദ്ദേഹം പങ്കെടുത്തത്. നവകേരള സദസ്സിനെതിരായ ബഹിഷ്‌കരണാഹ്വാനം യു.ഡി.എഫിന്റേതാണെന്നും തന്റേതല്ലെന്നും എ വി ഗോപിനാഥ് പറഞ്ഞു. സിപിഎമ്മിൽ ചേരുമോ എന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് നാളെയെന്ത് സംഭവിക്കുമെന്ന് പ്രവചിക്കാൻ താൻ ജോത്സ്യനല്ലെന്നും എന്തും സംഭവിക്കാമെന്നുമായിരുന്നും അദ്ദേഹം മറുപടി നൽകി.

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിനൊപ്പമാണ് എ വി ഗോപിനാഥ് പ്രഭാതയോഗത്തിനെത്തിയത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സർക്കാർ ജന മധ്യത്തിലിറങ്ങി ജനങ്ങളെ കാണുമ്പോൾ പാലക്കാട് ജില്ലയിലെ കുറേ കാര്യങ്ങൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്താൻ തനിക്ക് അവസരം കിട്ടി. അതുകൊണ്ട് വന്നുവെന്ന് എ വി ഗോപിനാഥ് വ്യക്തമാക്കി.

ബഹിഷ്‌കരണാഹ്വാനം യുഡിഎഫിന്റെയല്ലേ, അത് തന്റെയല്ല. സി.പി.എം. ജില്ലാ സെക്രട്ടറി വർഷങ്ങളായി ആത്മസുഹൃത്താണ്. അതിനപ്പുറം ഒരു രാഷ്ട്രീയം അതിനില്ല. നവകേരളായാത്ര ജനങ്ങളുമായി സംവാദം നടത്താൻ സാധിച്ച, മുഖ്യമന്ത്രി കാണിച്ച തന്റേടമുള്ള ഒരു നടപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.