കലാനിലയം (തനിനിറം) കൃഷ്ണൻ നായർ എന്ന ബഹുമുഖ പ്രതിഭയുടെ നൂറ്റിമൂന്നാം ജന്മദിനം

Thaniniram Headlines

കലാനിലയം ഹരികൃഷ്ണൻ

കേരളത്തിലെ പഴയ തലമുറയ്ക്ക് കലാനിലയം എന്ന് കേട്ടാൽ മനസ്സിൽ ഓടിയെത്തുന്നത് രക്തരക്ഷസ് എന്ന മെഗാ നാടകമാണ്. ഇക്കാലത്തെ virtual reality കാഴ്ചകളെ വെല്ലുന്ന അമ്പരപ്പായിരുന്നു ആ കാലഘട്ടത്തിലെ കാണികൾ അനുഭവിച്ചിരുന്നത്. ആ അമ്പരപ്പിന്റെ ഓർമ്മകൾ ഇന്നത്തെ പഴയ തലമുറയുടെ മനസ്സിൽ ഒരു അതിശയമായി നിലനിൽക്കുന്നു. 1917 ജൂണിൽ തിരുവനന്തപുരം പാങ്ങോട് ജനിച്ച കലാനിലയം കൃഷ്ണൻ നായർ കേരളത്തിലെ നാടകലോകത്ത് അത്ഭുതം സൃഷ്ടിച്ചത് പോലെതന്നെ അദ്ദേഹത്തിന്റെ രണ്ടാം തട്ടകമായ തനിനിറം പത്രം
മലയാള മാധ്യമ ലോകത്ത്അന്നുവരെ ഇല്ലാത്ത ഒരു അന്വേഷണാത്മക ജേർണലിസത്തിന്റെ വേറിട്ട അനുഭവമായി മാറി.

കലാനിലയം കൃഷ്ണന്‍നായര്‍

1952 ൽ തനിനിറം എന്ന പ്രസിദ്ധീകരണം ആരംഭിക്കുമ്പോൾ മുതൽ സമൂഹത്തിലെ അഴിമതിക്കും, അനീതിക്കും എതിരേയുള്ള ഒരു തുറന്ന പ്രതികരണമായിരുന്നു കലാനിലയം സംസാരിക്കുന്നു… എന്ന പംക്തിയിലൂടെ കലാനിലയം കൃഷ്ണൻ നായർ എഴുതുന്ന മുഖപ്രസംഗം. അന്നുമുതലേ ഒരു വിഭാഗം രാഷ്ട്രീയക്കാരുടെയും ഗവൺമെന്റ് ജീവനക്കാരുടെയും മറ്റ് അഴിമതിക്കാരുടെയും മുഖ്യ ശത്രുവായിരുന്നു കൃഷ്ണൻ നായർ.

1971ലെ ഇന്ത്യ പാകിസ്ഥാൻ യുദ്ധവുമായി ബന്ധപ്പെട്ട് കേരള സ്പീക്കറെ കുറിച്ചെഴുതിയ എഡിറ്റോറിയൽ കോളിളക്കം സൃഷ്ടിക്കുകയും അതിന്റെ ഫലമായി നിയമസഭയിൽ മാപ്പ് എഴുതി നൽകാൻ പ്രിവിലേജ് കമ്മിറ്റി ആവശ്യപ്പെടുകയും ചെയ്തു. പക്ഷേ കൃഷ്ണൻനായർ തന്റെ നിലപാടിലുറച്ച് മാപ്പ് പറയാൻ തയ്യാറായില്ല. അതുകൊണ്ട് നിയമസഭയിൽ വിളിച്ചുവരുത്തി പരസ്യമായി അദ്ദേഹത്തെ ശാസിച്ചു. കേരള ചരിത്രത്തിൽ ആദ്യമായി പത്രാധിപരെ വിളിച്ചുവരുത്തി ശാസിച്ച സംഭവം ഇപ്പോഴും നിയമ വിദ്യാർത്ഥികളുടെ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിയമസഭയിൽ വിളിച്ചുവരുത്തി ശാസിച്ചപ്പോൾ യാതൊരു കൂസലുമില്ലാതെ ഒരു പുഞ്ചിരിയോടെ ഇറങ്ങിവന്ന കൃഷ്ണൻനായർ തന്റെ പത്രപ്രവർത്തന രീതിയിൽ ഒരു മാറ്റവും വരുത്താതെ മുന്നോട്ടുപോയി.

വ്യക്തിബന്ധം നോക്കാതെ മതമോ രാഷ്ട്രീയമോ നോക്കാതെ വാർത്തയുടെ ഉറവിടം എത്ര തന്നെ കഠിനമാണെങ്കിലും അത് തേടിപ്പിടിച്ച് സത്യസന്ധതയ്ക്ക് ഒരു ചോർച്ചയും ഉണ്ടാകാതെ തനിനിറം ജനങ്ങൾക്ക് മുന്നിലെത്തിച്ചു. എഴുതിത്തള്ളിയ എത്രയോ ആത്മഹത്യകൾ, കൊലപാതകങ്ങൾ തെളിയിച്ചു. മാന്യത നടിച്ചു നടന്ന എത്രയോ ക്രിമിനലുകളെ തനിനിറം നിയമത്തിനു മുന്നിൽ കൊണ്ടു വന്ന് ശിക്ഷ വാങ്ങി കൊടുത്തു.

1967ൽ പ്രസിദ്ധീകരിച്ച’ മറിയക്കുട്ടി കൊലപാതകം ‘തനിനിറത്തിന്റെ കണ്ടെത്തലിലൂടെ പ്രതിയായ വികാരിയച്ചനെ സെക്ഷൻ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. അതുപോലെ തന്നെ മറ്റൊരു അവസരത്തിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന റ്റി സി രാഘവന്റെ വയസ്സ് തിരുത്തിയതാ ണെന്ന തനിനിറത്തിന്റെ കണ്ടെത്തലുകൾ രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയെ തന്നെ പ്രകമ്പനം കൊള്ളിച്ചു. ന്യായം നടത്തേണ്ട ന്യായാധിപൻ തന്നെ ഇവിടെ അന്യായം കാണിച്ചിരിക്കുന്നു. സ്വന്തം കാര്യ സാധ്യത്തിനായി വയസ്സ് തിരുത്തി ചീഫ് ജസ്റ്റിസ് പദവിയെ കളങ്കപ്പെടുത്തി ഇരിക്കുന്നു എന്ന വാർത്ത അച്ചടിച്ചതിന്റെ പിറ്റേദിവസംതന്നെ പരമോന്നത നീതിപീഠത്തെ ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തു എന്ന കാരണത്താൽ പത്രാധിപർക്കെ തിരെ കോടതി അലക്ഷ്യ കേസെടുത്തു. സധൈര്യം കേസുമായി മുന്നോട്ടുപോയ കൃഷ്ണൻനായർ ഹൈക്കോടതിയിലും തുടർന്ന് സുപ്രീംകോടതിയിലും വരെ കയറേണ്ടി വന്നു. അവസാനം വയസ്സ് തിരുത്തിയത് സത്യമെന്ന് തെളിഞ്ഞു. ചീഫ് ജസ്റ്റിസിന് റ്റി. സി. രാഘവനെ പിരിച്ചുവിട്ടു. വാർത്ത പ്രസിദ്ധീകരിച്ച പത്രാധിപരെ കോടതി അഭിനന്ദിക്കുകയും ചെയ്തു.

ഇതുപോലെ എത്രയോ അഴിമതി കേസുകൾ ആണ് തനിനിറം വെളിച്ചത്തു കൊണ്ടുവന്നത്. 1952 ൽ ആരംഭിച്ച തനിനിറം എന്ന പ്രസിദ്ധീകരണത്തിന് കേരളത്തിൽ വളരെ മുൻപ് ആരംഭിച്ച മറ്റുപത്രങ്ങളോടൊപ്പം തോളോടുതോൾ ചേർന്ന് നിൽക്കാൻ കഴിഞ്ഞതിന്റെ കാരണം കൃഷ്ണൻനായരുടെ ‘Investigative journalism’ അഥവാ ‘Watchdog journalism’ കൊണ്ട് തന്നെ എന്ന് നമുക്ക് നിസ്സംശയം അനുമാനിക്കാം.

അഴിമതിയുടെയും അക്രമത്തിന്റെയും കുത്തഴിഞ്ഞ ഈ കാലഘട്ടത്തിൽ ഭയരഹിതരായി സത്യത്തിനു വേണ്ടി പോരാടാൻ പുതിയ തലമുറയ്ക്കും, ‘Thaniniram HEADLINES ‘എന്ന ഞങ്ങളുടെ മാധ്യമത്തിനും കഴിയുമെന്ന് തനിനിറം കൃഷ്ണൻ നായർ എന്ന എന്റെ മുത്തച്ഛന്റെ ജന്മനാളിൽ ഞാൻ ഉറപ്പുനൽകുന്നു.

കലാനിലയം ഹരികൃഷ്ണൻ