സഹകരണസ്ഥാപനങ്ങള്‍ക്കായുള്ള നിയമങ്ങള്‍ നിര്‍മിക്കാന്‍ കേന്ദ്രത്തിനാവില്ലെന്ന് സുപ്രിംകോടതി

supreme court

ന്യൂഡല്‍ഹി: സഹകരണസ്ഥാപനങ്ങള്‍ സംസ്ഥാന വിഷയമാണെന്നും ഇതില്‍ കേന്ദ്രത്തിന് നിയമനിര്‍മാണം നടത്താനാകില്ലെന്നും സുപ്രീം കോടതി. സഹകരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനെന്ന പേരില്‍ സഹകരണ മന്ത്രാലയം രൂപീകരിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയുടെ പിന്നാലെയാണ് സുപ്രിംകോടതി വിധി. സഹകരണ സൊസൈറ്റികളുടെ നിയന്ത്രണത്തിനായി കൊണ്ടുവന്ന ഭരണഘടനയുടെ 97-ാം ഭേദഗതി നിലനില്‍ക്കുമെന്നും എന്നാല്‍ ഇതില്‍ സഹകരണസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച ഭാഗം റദ്ദാക്കുമെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസ് ആര്‍എഫ് നരിമാന്‍, കെഎം ജോസഫ്, ബിആര്‍ ഗവായ് എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് ഭൂരിപക്ഷ വിധി. എന്നാല്‍ അന്തര്‍സംസ്ഥാന സഹകരണസംഘങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളിലെ സഹകരണസ്ഥാപനങ്ങളെയും നിയന്ത്രിക്കാന്‍ നിയമം പാസാക്കാം.ഭരണസമിയിലെ അംഗങ്ങളുടെ എണ്ണം, അംഗങ്ങള്‍ക്കെതിരെ സ്വീകരിക്കാവുന്ന ശിക്ഷാനടപടികള്‍, അംഗങ്ങളെ പിരിച്ചു വിടാനുള്ള വ്യവസ്ഥകള്‍, ഓഡിറ്റിങ് തുടങ്ങിയവയുമായി ബന്ധപ്പെട്ട ഭാഗമാണ് റദ്ദാക്കിയത്.