കുട്ടവഞ്ചിയിൽ പ്രകൃതി സൗന്ദര്യം ആസ്വദിച്ച് യാത്ര ചെയ്യാം; അടവി ഗവി പാക്കേജുമായി വനംവകുപ്പ്

കോന്നി: കോന്നിയിൽ നിന്നും കൂടുതൽ ടൂർ പാക്കേജുകൾ ആരംഭിക്കാൻ പദ്ധതിയിട്ട് വനംവകുപ്പ്. അടവി ഗവി പാക്കേജിന് പുറമേ തെന്മല, അച്ചൻകോവിൽ ട്രിപ്പ് കൂടി തുടങ്ങാനാണ് അധികൃതർ പദ്ധതിയിടുന്നത്. കെഎസ്ആർടിസിയും സ്വകാര്യ ഏജൻസികളും ഗവിയിലേക്ക് ടൂർ പാക്കേജുകൾ ആരംഭിച്ചതോടെ വനം വകുപ്പിന്റെ പാക്കേജുകൾക്ക് സഞ്ചാരികൾ കുറഞ്ഞു. ഈ സാഹചര്യത്തിലാണ് പുതിയ പദ്ധതികളെ കുറിച്ച് അധികൃതർ ചിന്തിച്ചു തുടങ്ങിയത്.

കോന്നി ഇക്കോ ടുറിസം സെന്ററിൽ അടവി ഗവി പക്കേജിനായി രണ്ടു വാഹനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. അടവി കുട്ടവഞ്ചി സവാരി, വള്ളക്കടവ് വൈൽഡ് ലൈഫ് മ്യൂസിയം, പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, വൈകിട്ട് ലഘു ഭക്ഷണം എന്നിവയാണ് അടവി ഗവി ടൂർ പക്കേജിലുള്ളത്. ഒരാൾക്ക് രണ്ടായിരം രൂപയാണ് ഈ പാക്കേജിന്റെ നിരക്ക്. 10-15 പേർ വരെയുള്ള സംഘത്തിന് ഒരാൾക്ക് 1900 ഉം 16 പേരുള്ള സംഘമാണെങ്കിൽ തുക 1800 ഉം ആയി കുറയുന്നതാണ്.

അഞ്ചു വയസിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. രാവിലെ ഏഴിന് കോന്നി ഇക്കോ ടൂറിസം സെന്ററിൽ നിന്നാരംഭിക്കുന്ന യാത്ര രാത്രി 9.30ന് അവസാനിക്കുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇക്കോ ടൂറിസം സെന്ററിൽ നിന്നും അടവിയിലേക്കാണ് യാത്ര. കുട്ടവഞ്ചി സവാരിക്ക് ശേഷം പ്രഭാത ഭക്ഷണം കഴിക്കും. പിന്നീട് തണ്ണിത്തോട്, ചിറ്റാർ, ആങ്ങമൂഴി, പ്ലാപ്പള്ളി, കോരുത്തോട്, മുണ്ടക്കയം, വളഞ്ഞങ്ങാനം വെള്ളച്ചാട്ടം, കുട്ടിക്കാനം, പീരുമേട്, വണ്ടിപ്പെരിയാർ, വള്ളക്കടവ് വഴി ഗവിയിലെത്തും. ഗവിയിൽ നിന്നും വള്ളക്കടവ്, പരുന്തുംപാറ, കുട്ടിക്കാനം, മുണ്ടക്കയം, എരുമേലി, റാന്നി, കുമ്പഴ വഴി കോന്നിയിലെത്തും. സഞ്ചാരികൾക്ക് ഗവിയിൽ ബോട്ടിംഗ് നടത്താനുള്ള അവസരവുമുണ്ട്. കോന്നി ഇക്കോ ടൂറിസം സെന്റർ വെബ് സൈറ്റിലൂടെ ഇതിനായുള്ള ടിക്കറ്റ് മുൻകൂർ ബുക്ക് ചെയ്യാം.