ബ്രഹ്മപുരം തീപിടുത്തം മനുഷ്യനിർമിതമാകാനുള്ള സാധ്യതയില്ല; സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ച് കളക്ടർ

കൊച്ചി: ബ്രഹ്മപുരം തീപിടുത്തം മനുഷ്യനിർമിതമാണെന്ന വാദം തള്ളി റിപ്പോർട്ട്. ജില്ലാ കളക്ടറുടെ റിപ്പോർട്ടിലാണ് തീപിടുത്തം മനുഷ്യനിർമിതമാകാനുള്ള സാധ്യതയില്ലെന്ന കാര്യം വ്യക്തമാക്കിയിട്ടുള്ളത്. മാലിന്യക്കൂമ്പാരത്തിൽ രാസവിഘടന പ്രക്രിയ നടന്നേക്കാമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

റിപ്പോർട്ട് കളക്ടർ സംസ്ഥാന സർക്കാരിന് സമർപ്പിച്ചു. മാർച്ച് 2 ന് വൈകുന്നേരം 4.30 നാണ് ബ്രഹ്മപുരം മാലിന്യ പ്ലാൻറിൽ തീപിടുത്തം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഉടൻ തന്നെ ഫയർ ഫോഴ്‌സ്, പോലിസ് യൂണിറ്റുകൾ സ്ഥലത്തെത്തുകയും തീയണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. മാലിന്യത്തിൻറെ രാസവിഘടന പ്രക്രിയ നടക്കുന്നത് മൂലം ബഹിർഗമിക്കുന്ന ചൂട് മൂലമുണ്ടാകുന്ന സ്മോൾഡറിങ് ആണ് പ്രധാനമായും പ്ലാന്റിൽ ഉണ്ടായത്. സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവുമുണ്ട്. ഇത് തീപിടുത്തത്തിൻറെ ആക്കം കൂട്ടി.

തീപിടുത്തം നിയന്ത്രണ വിധേയമാക്കാൻ അഗ്‌നിശമന രക്ഷ സേനയുടെ ശ്രമങ്ങൾക്ക് പുറമെ നേവി, വായു സേനയുൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളുടെയും സഹായം ലഭ്യമാക്കി.

കത്തിപ്പടരുന്ന തീ പൂർണ്ണമായും നിയന്ത്രണ വിധേയമായെങ്കിലും മാലിന്യത്തിനകത്ത് നിന്നുള്ള ചൂടിൽ നീറി പുകയുന്ന സ്ഥിതി തുടർന്നു. ഇതുവഴിയാണ് പ്ലാൻറിന് സമീപപ്രദേശത്ത് പൊതുവെ പുക പടരുന്ന സാഹചര്യമുണ്ടായത്. മണ്ണ് മാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് പുക ബഹിർഗമിക്കുന്ന മേഖലകളിൽ മാലിന്യങ്ങൾ മാന്തി മാറ്റി അകത്തേക്ക് വെള്ളം പമ്പ് ചെയ്ത് പുകയുന്ന സാഹചര്യം ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടത്തി വരുന്നത്. അഗ്‌നിശമന സേനകളുടെ മുപ്പതിലധികം യൂണിറ്റ് ഫയർ എഞ്ചിനുകൾക്ക് പുറമെ ആലപ്പുഴയിൽ നിന്ന് എത്തിച്ചിട്ടുള്ള 3 ഉയർന്ന കപ്പാസിറ്റിയുള്ള പമ്പ് സെറ്റുകൾ ഉൾപ്പെടെ ഉപയോഗിച്ച് മിനുട്ടിൽ 60,000 ലിറ്റർ എന്ന തോതിൽ വെള്ളം പമ്പ് ചെയ്യുന്ന പ്രവർത്തനം തുടരുകയാണ്.
ബ്രഹ്മപുരം പ്ലാൻറിൽ തീപിടുത്തമുണ്ടായ വിവരം ലഭിച്ചത് മുതൽ ജില്ലാ ഭരണകൂടം തീയണയക്കാനുള്ള പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് വരികയാണ്.
നിലവിലെ സ്ഥിതിഗതികൾ നിയന്ത്രിക്കാനായി 300 അഗ്‌നിശമന സേനാ ജീവനക്കാർ, 70 മറ്റു തൊഴിലാളികൾ, മാലിന്യനീക്കത്തിനായി 50 ഓളം ഹിറ്റാച്ചി/ജെസിബി ഓപ്പറേറ്റർമാർ, 31 ഫയർ യൂണിറ്റുകൾ, 4 ഹെലികോപ്റ്ററുകൾ, 14 ഓളം അതിതീവ്ര മർദ്ദ ശേഷിയുള്ള ജലവാഹക പമ്പുകൾ, 36 ഹിറ്റാച്ചി ജെസിബികൾ എന്നിവയുടെ സഹായത്തോടെ പ്രവർത്തനം നടത്തി വരികയാണ്.