എസ്എസ്എൽസി പരീക്ഷ ആരംഭിച്ചു; വിദ്യാർത്ഥികൾക്ക് വിജയാശംസകൾ നേർന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷ ആരംഭിച്ചു. 4,19,362 റഗുലർ വിദ്യാർഥികളും 192 പ്രൈവറ്റ് വിദ്യാർഥികളുമാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. ഇതിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561പേർ പെൺകുട്ടികളുമാണ്.

മാർച്ച് 29നാണ് പരീക്ഷ അവസാനിക്കുക. സർക്കാർ മേഖലയിൽ 1,170 സെന്ററുകളും എയിഡഡ് മേഖലയിൽ 1,421 സെന്ററുകളും അൺ എയിഡഡ് മേഖലയിൽ 369 സെന്ററുകളും ഉൾപ്പെടെ 2,960 പരീക്ഷാ സെന്ററുകളാണ് എസ്എസ്എൽസി പരീക്ഷയ്ക്ക് വേണ്ടി സജ്ജമാക്കിയിട്ടുള്ളത്.

ഗൾഫ് മേഖലയിൽ 518 വിദ്യാർഥികളും ലക്ഷദ്വീപിൽ ഒമ്പത് സ്‌കൂളുകളിലായി 289 വിദ്യാർഥികളുമാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. 2023 ഏപ്രിൽ 3 മുതൽ 26 വരെയുള്ള തീയതികളിലായി പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിർണയം പൂർത്തീകരിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

70 ക്യാംപുകളിലായി ആകെ പതിനെട്ടായിരത്തിൽ അധികം അധ്യാപകരുടെ സേവനം ഇതിന് ആവശ്യമായി വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മൂല്യനിർണയ ക്യാംപുകൾക്ക് സമാന്തരമായി ടാബുലേഷൻ പ്രവർത്തനങ്ങൾ 2023 ഏപ്രിൽ 5 മുതൽ പരീക്ഷാ ഭവനിൽ ആരംഭിക്കും. ടാബുലേഷൻ നടപടികൾ പൂർത്തീകരിച്ച ശേഷം മേയ് രണ്ടാം വാരത്തിൽ ഫലം പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർത്ഥികൾക്കും അദ്ദേഹം വിജയാശംസകൾ നേരുകയും ചെയ്തു.