മേഘ ട്രോപിക് 1നെ ഭൂമിയിലേയ്ക്ക് തിരികെയെത്തിക്കാനുള്ള ദൗത്യം വിജയകരം; ഉപഗ്രഹം ശാന്തസമുദ്രത്തിന് മുകളിൽ കത്തിയെരിഞ്ഞുതീർന്നു

ന്യൂഡൽഹി: ദൗത്യ കാലാവധി പൂർത്തിയാക്കിയ ഉപഗ്രഹമായ മേഘ ട്രോപിക് 1നെ ഭൂമിയിലേയ്ക്ക് തിരികെയെത്തിക്കാനുള്ള ദൗത്യം വിജയകരം. ഐഎസ്ആർഒ ആണ് ഇക്കാര്യം അറിയിച്ചത്.

ഉപഗ്രഹം നിയന്ത്രണ വിധേയമാക്കിയെന്നും സുരക്ഷിതമായി ശാന്തസമുദ്രത്തിന് മുകളിൽ കത്തിയെരിഞ്ഞുതീർന്നുവെന്നും ഐഎസ്ആർഒ വിശദീകരിച്ചു. വലിയ മാലിന്യങ്ങളൊന്നും അവശേഷിക്കുന്നില്ലെന്നും ഐസ്ആർഒ ചൂണ്ടിക്കാട്ടി.

മേഘ ട്രോപിക് വിക്ഷേപിച്ചത് 2011 ഒക്ടോബർ 12നാണ്. ഉഷ്ണമേഖലാ കാലാവസ്ഥ നിരീക്ഷണമായിരുന്നു ഉപഗ്രഹത്തിന്റെ ദൗത്യം. കാലാവധി കഴിഞ്ഞ ഉപഗ്രഹങ്ങൾ ഓർബിറ്റിൽ നിന്ന് മാറ്റണമെന്ന് ഐക്യരാഷ്ട്ര സഭ നിർദ്ദേശം നൽകിയിരുന്നു. ഈ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മേഘ ട്രോപിക്‌സിനെ ഭൂമിയിലേയ്ക്കിറക്കാനുള്ള തീരുമാനം ഐഎസ്ആർഒ എടുത്തത്. ഉപഗ്രഹത്തിൽ ബാക്കിയുള്ള ഇന്ധനം ഉപയോഗിച്ച് ഉപഗ്രഹത്തെ നിയന്ത്രിച്ച് അന്തരീക്ഷത്തിൽ എത്തിക്കുകയായിരുന്നു.