കൊച്ചി: ബ്രഹ്മപുരം പ്ലാന്റിലുണ്ടായ തീപിടുത്തത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബ്രഹ്മപുരത്തെ പ്രശ്‌നങ്ങൾ അതീവ ഗുരുതരമാകുകയാണെന്ന് അദ്ദേഹം പറഞ്ഞു. ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമാണ്. എന്നിട്ടും ആരോഗ്യ വകുപ്പും തദ്ദേശ സ്വയം ഭരണ വകുപ്പും നിഷ്‌ക്രിയമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ബ്രഹ്മപുരത്തെ തീ അണഞ്ഞാലും അഴിമതിയുടെ തീ അണയില്ല. ആറ് ദിവസമായി കൊച്ചി നഗരത്തെ പുക മൂടിയിട്ടും എന്തെങ്കിലും ചെയ്യാൻ സർക്കാരിന് സാധിച്ചില്ല. ജീവശ്വാസം കിട്ടാതെ ജനങ്ങൾ വലയുമ്പോൾ സംവിധാനങ്ങൾ നോക്കുകുത്തിയായി നിൽക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു.
ബ്രഹ്മപുരത്തേത് ഗുരുതര പ്രശ്‌നമാണ്. എന്നാൽ മന്ത്രി നിയമസഭയിൽ പറഞ്ഞത് ഒരു പ്രശ്‌നവും ഇല്ലെന്നാണ്. പക്ഷേ ജനത്തിന് നടക്കാൻ പോലും ആകുന്നില്ല. വാസ്തവ വിരുദ്ധമായ കാര്യമാണ് അദ്ദേഹം സഭയിൽ പറഞ്ഞത്. രാവിലെ നടക്കാനിറങ്ങിയ ഹൈക്കോടതി ജഡ്ജി വരെ ശ്വാസം തടസ്സം നേരിട്ടു. അടുത്ത ജില്ലകളിലുള്ള ജനങ്ങളെ ബാധിക്കുന്ന തരത്തിൽ പ്രശ്‌നം വഷളായി.
ഗുരുതര സാഹചര്യം നേരിടാൻ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണം. ആശുപത്രികളിൽ വരെ പുക നിറയുന്ന അവസ്ഥയാണ്. ഇതേക്കുറിച്ചുള്ള അന്വേഷണ പരിധിയിൽ ആരു വന്നാലും പ്രശ്‌നമില്ല. കോൺഗ്രസ്സുകാർക്ക് പങ്കുണ്ടെങ്കിൽ അതും അന്വേഷിക്കാം. കേരളത്തിനാകെ അപമാനകരമാണ് ഈ സംഭവം. അടിയന്തര ഗൗരവത്തോടെ സർക്കാർ ഈ വിഷയം നേരിടണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ഇങ്ങനെയൊരു സാഹചര്യം നേരിടാൻ സർക്കാരിനായില്ലെങ്കിൽ കേന്ദ്രസർക്കാരിന്റെ സഹായം തേടണം. മാർച്ച് രണ്ടിന് വൈകിട്ടാണ് ബ്രഹ്മപുരത്ത് അഗ്‌നിബാധയുണ്ടായത്. ഇത്ര ദിവസമായിട്ടും തീ നിയന്ത്രിക്കാനായിട്ടില്ല. ജില്ലാ ഭരണകൂടത്തിന് ഒന്നും തന്നെ ചെയ്യാൻ കഴിഞ്ഞില്ലെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

