ന്യൂഡല്‍ഹി: മദ്യനയ കേസില്‍ തെലങ്കാന മുഖ്യമന്ത്രിയുടെ മകള്‍ കവിതക്ക് ഇഡിയുടെ നോട്ടീസ്. ചോദ്യം ചെയ്യലിനായി നാളെ ഇഡിക്ക് മുന്നില്‍ ഹാജരാകണമെന്ന് കാണിച്ചാണ് കവിതയ്ക്ക് നോട്ടീസ് നല്‍കിയിട്ടുള്ളത്. മറ്റന്നാള്‍ കവിത ജന്തര്‍ മന്തറില്‍ നിരാഹാരസമരം നടത്താനും പദ്ധതിയിടുന്നുണ്ട്.
അതേസമയം, കവിതയുമായി അടുപ്പമുള്ള വ്യവസായി അരുണ്‍ രാമചന്ദ്രന്‍ പിള്ളയെ മദ്യനയ കേസില്‍ ഇഡി ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അരുണ്‍ രാമചന്ദ്രന്‍ പിള്ളയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ മാസം13 വരെ അരുണിനെ ദില്ലി റോസ് അവന്യൂ കോടതി ഇഡി കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. മദ്യനയവുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ പതിനാലാം പ്രതിയാണ് അരുണ്‍ രാമചന്ദ്രന്‍ പിള്ള. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവുവിന്റെ മകളും ബിആര്‍എസ് നേതാവുമായ കവിത കാല്‍വകുന്തളയുമായി അടുത്ത ബന്ധമാണ് അരുണിനുള്ളത്. ദില്ലിയിലെ 9 മദ്യവിതരണ സോണുകള്‍ ലേലത്തില്‍ ലഭിച്ചതിലൂടെ സൗത്ത് ഗ്രൂപ്പിന് കോടികളുടെ വരുമാനം ലഭിച്ചിരുന്നു. ഈ തുകയിലൊരുഭാഗം നേരത്തെ അറസ്റ്റിലായ മലയാളി വിജയ് നായര്‍ വഴി എഎപി നേതാക്കള്‍ക്കെത്തിച്ചെന്നും ഇത് ഗോവ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നുമാണ് ഇഡിയുടെ കണ്ടെത്തല്‍.
അതിനിടെ, തെളിവുകളൊന്നും ലഭിക്കാതെയുളള മനീഷ് സിസോദിയയുടെ അറസ്റ്റ് സ്വാഭാവിക നീതിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. പിണറായിയുടെ പിന്തുണയ്ക്ക് അരവിന്ദ് കെജ്രിവാള്‍ നന്ദി അറിയിച്ചു.

