അന്താരാഷ്ട്ര വനിതാ ദിനം; വാക്കത്തോൺ സംഘടിപ്പിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് വാക്കത്തോൺ സംഘടിപ്പിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ്’വാക്ക് ഫോർ ഹെൽത്ത്’ എന്ന പേരിൽ പരിപാടി ആവിഷ്‌ക്കരിച്ചത്. വിജയ് ചൗക്കിൽ നിന്ന് ആരംഭിച്ച് കർത്തവ്യ പാതയിലൂടെ ഇന്ത്യ ഗേറ്റ് വഴി നിർമാൺ ഭവനിലെത്തുന്ന രീതിയിലാണ് പരിപാടി നടന്നത്. പൗരന്മാർക്കിടയിലുള്ള ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ടായിരുന്നു നടപടി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫിറ്റ് ഇന്ത്യയുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് ഡൽഹിയിൽ വാക്കത്തോൺ സംഘടിപ്പിച്ചതെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. രാജ്യത്തിലുടനീളമുള്ള ജില്ലാ ആസ്ഥാനങ്ങളിൽ സൈക്ലോത്തോൺ സംഘടിപ്പിച്ചിരുന്നു. ശാരീരീകവും മാനസികവുമായ പരിസ്ഥിതി സൗഹൃദ ബന്ധങ്ങൾ രാജ്യത്ത് നടപ്പിലാക്കാനാണ് സൈക്ലോത്തോൺ പരിപാടി സംഘടിപ്പിച്ചത്. ആരോഗ്യമുള്ള സ്ത്രീയാണ് ആരോഗ്യമുള്ള ഇന്ത്യ എന്നതാണ് സൈക്ലോത്തോണിന്റെ പ്രമേയം. ജില്ലാ ആരോഗ്യ സംഘടനങ്ങൾ സൈക്ലോത്തോണിനുവേണ്ടിയുള്ള എല്ലാ സജ്ജീകരണങ്ങളും അധികൃതർ ഏർപ്പെടുത്തിയിരുന്നു.