കൊച്ചി നഗരത്തിൽ നാളെ വിദ്യാലയങ്ങൾക്ക് അവധി; പ്രഖ്യാപനവുമായി ജില്ലാ കളക്ടർ

കൊച്ചി: കൊച്ചിയിലും സമീപ പഞ്ചായത്തുകളിലും ഏഴു വരെയുള്ള ക്ലാസുകൾക്ക് അവധി പ്രഖ്യാപിച്ചു. എറണാകുളം ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്. ബ്രഹ്മപുരം മാലിന്യശേഖരണ പ്ലാന്റിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ അന്തരീക്ഷത്തിൽ പുകയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് നടപടി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജില്ലാ കളക്ടർ ഇക്കാര്യം അറിയിച്ചത്.

ആരോഗ്യപരമായ മുൻകരുതലിന്റെ ഭാഗമായാണ് അവധി നൽകിയതെന്ന് ജില്ലാ കളക്ടർ ചൂണ്ടിക്കാട്ടി. വടവുകോട് – പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ അങ്കണവാടികൾ, കിന്റർഗാർട്ടൺ, ഡേ കെയർ സെന്ററുകൾ എന്നിവയ്ക്കും സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകളിലെ ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കും തിങ്കളാഴ്ച്ച അവധിയായിരിക്കും. അതേസമയം, പൊതു പരീക്ഷകൾക്ക് മാറ്റമില്ല.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

ബ്രഹ്മപുരം മാലിന്യശേഖരണ പ്ലാന്റിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ അന്തരീക്ഷത്തിൽ പുകയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരിക്കുന്ന സാഹചര്യം ഉള്ളതിനാൽ ആരോഗ്യപരമായ മുൻകരുതലിന്റെ ഭാഗമായി വടവുകോട് – പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ അങ്കണവാടികൾ, കിന്റർഗാർട്ടൺ, ഡേ കെയർ സെന്ററുകൾ എന്നിവയ്ക്കും സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകളിലെ ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കും 06-03-2023 (തിങ്കൾ) അവധിയായിരിക്കും. പൊതു പരീക്ഷകൾക്ക് മാറ്റമില്ല