വിയോജിപ്പുകൾ പ്രകടിപ്പിക്കേണ്ട രീതി ഇതല്ല; ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് അതിക്രമത്തിൽ പ്രതികരണവുമായി ബിജെപി

ന്യൂഡൽഹി: ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിന് നേരെയുണ്ടായ എസ്എഫ്‌ഐ അതിക്രമത്തിൽ രൂക്ഷ വിമർശനവുമായി ബിജെപി-കോൺഗ്രസ് ദേശീയ നേതാക്കൾ. വിയോജിപ്പുകൾ പ്രകടിപ്പിക്കേണ്ട രീതി ഇതല്ലെന്നാണ് ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ വ്യക്തമാക്കി. എല്ലാ പ്രതികളെയും സർക്കാർ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാധ്യമ സ്വാതന്ത്ര്യത്തിന് എതിരെയുള്ള അതിക്രമം വച്ചു പൊറുപ്പിക്കാനാകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി റീജിയണൽ ഓഫീസിന് നേരെ നടന്ന എസ്എഫ്‌ഐ അക്രമം സിപിഎമ്മിന്റെ ഫാസിസ്റ്റ് മുഖം വ്യക്തമാക്കിയതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. പിണറായി വിജയന്റെ തുടർഭരണത്തിൽ മാദ്ധ്യമങ്ങളെ അടിച്ചമർത്താനാണ് സിപിഎം ശ്രമിക്കുന്നത്. തങ്ങൾക്കെതിരെയുള്ള വാർത്തകൾ കുഴിച്ചുമൂടാനാണ് പിണറായി വിജയനും സിപിഎമ്മും ശ്രമിക്കുന്നത്. സർക്കാരിനെതിരെ ശബ്ദിക്കുന്നവരെ മുഴുവൻ അടിച്ചമർത്തുന്ന പിണറായിയുടെ ഫാസിസ്റ്റ് സമീപനത്തിനെതിരെ ബിജെപി ശക്തമായി പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഭരണകക്ഷി ബന്ധം നിയമം കൈയിലെടുക്കാനുള്ള ലൈസൻസല്ലെന്ന് കോൺഗ്രസ് ദേശീയ വക്താവ് സുപ്രിയ ശ്രീനെയ്റ്റ് അറിയിച്ചു.