കുടുംബശ്രീക്കാരുടെ അപ്പ വില്പനയ്ക്ക് വരെ ഉപകാരപ്പെടുന്ന പദ്ധതിയാണ് കെ റെയിൽ; എം വി ഗോവിന്ദൻ

തിരുവനന്തപുരം: കെ റെയിൽ പദ്ധതിയെ അനുകൂലിച്ചുള്ള പരാമർശവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. കുടുംബശ്രീക്കാരുടെ അപ്പ വില്പനയ്ക്ക് വരെ ഉപകാരപ്പെടുന്ന പദ്ധതിയാണ് കെ റെയിൽ എന്നാണ് എം വി ഗോവിന്ദൻ വ്യക്തമാക്കുന്നത്.

കെ റെയിൽ വന്നാൽ മൂന്നു മണിക്കൂർ 54 മിനിറ്റ് കൊണ്ട് കാസർഗോഡ് നിന്ന് തിരുവനന്തപുരത്ത് എത്താം. നാഷണൽ ഹൈവേ എടുക്കുന്ന ഭൂമിയുടെ പകുതി മതി. അതും തിരൂർ വരെ ഭൂമിയൊന്നും എടുക്കുകയും വേണ്ട. അത് റെയിലിന് ഒപ്പം തന്നെ വരും. അതിനുശേഷം മാത്രമേ ഭൂമി വേണ്ടൂ. കെ റെയിൽ വന്നാൽ 50 കൊല്ലത്തെ അപ്പുറത്തെ വളർച്ചയാണ് കേരളത്തിന് ലഭിക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എൻജിനീയർമാർക്കും വക്കീലന്മാർക്കും അധ്യാപകർക്കും ജീവനക്കാർക്കും എല്ലാവർക്കും കെ റെയിൽ പ്രയോജനപ്രദമാണ്. കെ റെയിൽ വരുന്നതോടെ ലക്ഷക്കണക്കിന് വാഹനം റോഡിൽ നിന്ന് പിൻവലിക്കാൻ കഴിയും. കാർബൺ ബഹിർഗമനം കുറയ്ക്കാനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

കെ റെയിൽ വേണ്ടന്നുള്ള യുഡിഎഫ് നിലപാടിനെതിരെ എം വി ഗോവിന്ദൻ വിമർശനമുന്നയിക്കുകയും ചെയ്തു. ഇത്രയേറെ ഗുണമുള്ള കെ റെയിൽ വേണ്ടെന്നാണ് യുഡിഎഫ് പറയുന്നത്. കടം വാങ്ങാൻ പാടില്ല എന്നാണ് യുഡിഎഫ് വ്യക്തമാക്കുന്നത്. നമ്മുടെ നാടിന്റെ സമ്പത്തിന് കടം വാങ്ങരുതെന്ന് പറയാൻ പാടുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. കടം വാങ്ങണം എന്നാണ് ബൂർഷ്വാ അർത്ഥശാസ്ത്രം പറയുന്നത്. കെ റെയിൽ വന്നാൽ 50 കൊല്ലത്തിന്റെ വളർച്ച കേരളത്തിനുണ്ടാകുമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.