അമിത് ഷായുടെ കേരളാ സന്ദർശനം മാറ്റിവെച്ചു

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലേക്ക് നടത്താനിരുന്ന സന്ദർശനം മാറ്റിവെച്ചു. മാർച്ച് അഞ്ചാം തീയതി അമിത് ഷാ നടത്താനിരുന്ന തൃശൂർ സന്ദർശനമാണ് മാറ്റിവെച്ചത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനാണ് അമിത് ഷായുടെ തൃശൂർ സന്ദർശനം മാറ്റിവെച്ച വിവരം അറിയിച്ചത്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത്ഷായുടെ അഞ്ചാം തീയതിയിലെ തൃശ്ശൂർ സന്ദർശനം മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു. തീയതി പിന്നീട് അറിയിക്കും- കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു. തൃശൂരിൽ ശക്തൻ തമ്പുരാൻ സ്മാരകം സന്ദർശിക്കാനും ബിജെപി നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കാനും അമിത് ഷാ എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

അതേസമയം, ബിജെപി തൃശ്ശൂർ ജില്ലാ കാര്യാലയത്തിന്റെ ശിലാസ്ഥാപന കർമ്മം പ്രകാശ് ജാവദേക്കറുടെ സാന്നിധ്യത്തിൽ നിർവഹിച്ചു. കെ. വി. ശ്രീധരൻ മാസ്റ്റർ, എം ഗണേശൻ, എം ടി. രമേശ്, പി സുധീർ, കെ കെ. അനീഷ് കുമാർ, ബി ഗോപാലകൃഷ്ണൻ, സി സദാനന്ദൻ, നിവേദിത, നാരായണൻ നമ്പൂതിരി, എ നാഗേഷ്, ഷാജുമോൻ വട്ടേക്കാട്, കെ പി സുരേഷ് , പി എൻ ഈശ്വരൻ, സി കെ സജി നാരായണൻ, എന്നിവർ ഉൾപ്പെടെ നിരവധി നേതാക്കൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.