മുഖ്യമന്ത്രിയെ കണ്ടാൽ ജനങ്ങൾ കല്ലെറിയുന്ന അവസ്ഥ; ജനങ്ങളെ ഒഴിവാക്കി ആകാശയാത്ര നടത്താനാണ് പുതിയ ഹെലികോപ്റ്റർ വാങ്ങുന്നതെന്ന് കെ സുധാകരൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അദ്ധ്യക്ഷൻ കെ സുധാകരൻ. ഹെലികോപ്ടർ വാടകയ്ക്ക് എടുക്കാനുള്ള സർക്കാരിന്റെ തീരുമാനത്തിനെതിരെയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്. കേരളത്തിലെ ജനങ്ങളുടെ മേൽ താങ്ങാനാവാത്ത നികുതിഭാരം കയറ്റിവച്ച മുഖ്യമന്ത്രിയെ കണ്ടാൽ ജനങ്ങൾ കല്ലെറിയുന്ന അവസ്ഥയായതുകൊണ്ട് ജനങ്ങളെ ഒഴിവാക്കി ആകാശയാത്ര നടത്താനാണ് പുതിയ ഹെലികോപ്റ്റർ വാങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. കരിങ്കൊടി പ്രതിഷേധം മറികടക്കാൻ മുഖ്യമന്ത്രി കൊച്ചിയിൽ നിന്ന് പാലക്കാട്ടേക്ക് ഹെലിക്കോപ്റ്റർ യാത്ര നടത്തി ട്രയൽ എടുത്തു. തലങ്ങും വിലങ്ങും ഇനി മുഖ്യമന്ത്രിയുടെ ഹെലിക്കോപ്റ്റർ യാത്രയാണ് കാണാൻ പോകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

എന്നാൽ, അതുകൊണ്ടൊന്നും പ്രതിഷേധം കെട്ടടങ്ങില്ല. ആകാശത്തും പ്രതിഷേധിച്ച ചരിത്രമുള്ളവരാണ് യൂത്ത് കോൺഗ്രസുകാർ എന്ന് മുഖ്യമന്ത്രി വിസ്മരിക്കരുത്. സ്വപ്ന സുരേഷിനെ അറിയില്ലെന്ന് നിയമസഭയിൽ കല്ലുവച്ചകള്ളം വിളിച്ച് പറഞ്ഞ മുഖ്യമന്ത്രിയുമായി താൻ പല തവണ കൂടിക്കാഴ്ച നടത്തിയെന്നും ഒറ്റയ്ക്കിരുന്നു സംസാരിച്ചെന്നും സ്വപ്ന വ്യക്തമാക്കിയതോടെ ജനങ്ങളിൽ നിന്ന് ഓടിയൊളിക്കേണ്ട ദയനീയമായ അവസ്ഥയിലാണ് പിണറായി വിജയൻ. കിടപ്പുരോഗികളെ പരിചരിക്കുന്നവർക്കുള്ള ആശ്വാസം കിരണം പദ്ധതിയിൽ മാസം തോറും നല്കുന്ന 600 രൂപ നിലയ്ക്കുകയും സഹായ പദ്ധതികളെല്ലാം നിലച്ചതിനെ തുടർന്ന് വീൽ ചെയർ രോഗികൾ പ്രതിഷേധവുമായി തെരുവിറങ്ങുകയും ചെയ്തപ്പോൾ പൂച്ച പെറ്റുകിടക്കുന്ന ഖജനാവാണുള്ളതെന്നു പറയുന്നവരാണ് മാസം 80 ലക്ഷം രൂപ ചെലവഴിച്ച് ഇരട്ട എൻജിൻ ഹെലിക്കോപ്റ്റർ വാടകയ്ക്കെടുക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒന്നാം പിണറായി സർക്കാർ 2020 ഏപ്രിലിൽ മുതൽ പ്രതിമാസം 1.44 കോടി രൂപയ്ക്ക് ഹെലിക്കോപ്റ്റർ വാടകയ്ക്കെടുത്ത് 22.21 കോടി രൂപ ചെലവഴിച്ച് ധൂർത്തടിച്ചിരുന്നു. ഈ തുകകൊണ്ട് കുറഞ്ഞത് 500 പാവപ്പെട്ടവർക്കെങ്കിലും വീട് കെട്ടിക്കൊടുക്കാമായിരുന്നു. സർക്കാരിന്റെ അധിക നികുതിചുമത്തലും ആർഭാടവും മൂലം ജനങ്ങളുടെ ജീവിതാവസ്ഥ വളരെ മോശമാണെന്നു ചൂണ്ടിക്കാട്ടുമ്പോൾ ‘റൊട്ടി ഇല്ലെങ്കിൽ ജനങ്ങൾ കേക്ക് തിന്നട്ടെ’ യെന്ന് പറഞ്ഞ ഫ്രഞ്ച് രാജകുമാരിയുടെ മാനസികാവസ്ഥയുള്ള മുഖ്യമന്ത്രി ഒരു പാഠവും പഠിക്കാൻ തയാറല്ലെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.