ഹോളിവുഡ് സിനിമകളും സീരീസുകളും കണ്ടാല്‍ കടുത്ത നടപടി; മുന്നറിയിപ്പുമായി ഉത്തര കൊറിയ

ഹോളിവുഡ് സിനിമകളും സീരീസുകളും കാണുന്ന കുട്ടികള്‍ക്കെതിരെയും അവര്‍ക്ക് അതിനനുവാദം നല്‍കുന്ന മാതാപിതാക്കള്‍ക്കെതിരേയും കടുത്ത നടപടിയുമായി ഉത്തര കൊറിയ. ദക്ഷിണ കൊറിയന്‍ ചിത്രങ്ങള്‍ കാണുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാജ്യത്തെ നിയമം ലംഘിച്ച് വിദേശ ചിത്രങ്ങള്‍ കാണുന്ന കുട്ടികള്‍ അഞ്ചു വര്‍ഷം തടവുശിക്ഷ അനുഭവിക്കേണ്ടി വരും. ഹോളിവുഡ് ചിത്രങ്ങള്‍ കാണുന്ന കുട്ടികളുടെ മാതാപിതാക്കള്‍ ആറ് മാസം ലേബര്‍ ക്യാമ്പില്‍ കഴിയേണ്ടി വരും. നേരത്തെ തെറ്റുകാരാണെന്ന് കണ്ടെത്തുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പാണ് നല്‍കിയിരുന്നത്. വിദേശ ചിത്രങ്ങള്‍ രാജ്യത്തേയ്ക്ക് കടത്തുന്നവരും കടുത്ത നടപടികളാണ് നേരിടേണ്ടി വരിക.

അതേസമയം, വിദേശ ഗാനങ്ങള്‍ ആലപിക്കുന്നവരും ചുവടുവെക്കുന്നവരും ശിക്ഷ അനുഭവിക്കേണ്ടി വരും. വിദേശ ചിത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള നിയമം ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ ശക്തമാക്കുന്നതിന്റെ ഭാഗമാണ് നടപടി.