അടഞ്ഞുകിടക്കുന്ന വീടുകൾക്ക് നികുതി ഈടാക്കില്ല; നിർദേശത്തിൽ നിന്നും പിന്മാറി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: അടഞ്ഞുകിടക്കുന്ന വീടുകൾക്ക് നികുതി ഈടാക്കുമെന്ന നിർദേശത്തിൽ നിന്നും സംസ്ഥാന സർക്കാർ പിന്മാറി. ഇപ്പോൾ നികുതി വർധന നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി. പ്രവാസികൾക്കും അടഞ്ഞുകിടക്കുന്ന വീടുകൾക്കും നികുതി ഈടാക്കില്ലെന്നും അദ്ദേഹം അറിയിച്ചു.

അടഞ്ഞുകിടക്കുന്ന വീടിന് എത്ര ശതമാനം നികുതി എന്ന കാര്യമൊന്നും സംസ്ഥാന ബജറ്റിൽ വ്യവസ്ഥ ചെയ്തിരുന്നില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി നികുതി ഏർപ്പെടുത്തുന്നതിനെ കുറിച്ച് തദ്ദേശ വകുപ്പ് ആലോചിക്കണം എന്നായിരുന്നു അന്ന് നിർദ്ദേശിച്ചിരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവഞ്ചൂർ രാധകൃഷ്ണന്റെ സബ്മിഷന് മറുപടിയായാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നികുതി നിർദേശം നടപ്പാക്കേണ്ടതില്ലെന്ന് ആ ഘട്ടത്തിൽ തന്നെ തീരുമാനിച്ചിരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.