പച്ചക്കള്ളം വിളിച്ച് പറയാൻ മുഖ്യമന്ത്രിക്ക് നാണമില്ലേ; മുഖ്യമന്ത്രിയെ കണ്ട തീയതികൾ പുറത്തുവിടുമെന്ന് സ്വപ്ന

ബംഗളൂരു: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരിഹാസവുമായി സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷ്. നിയമസഭയിൽ വന്ന് തന്നെ അറിയില്ലെന്നും കണ്ടിട്ടില്ലെന്നും പച്ചക്കള്ളം വിളിച്ച് പറയാൻ മുഖ്യമന്ത്രിക്ക് നാണമില്ലേയെന്നാണ് സ്വപ്‌നാ സുരേഷ് ചോദിക്കുന്നത്. മണിക്കൂറുകളോളം ജോലി സംബന്ധമായും മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ ബിസിനസ്സുകൾ സംബന്ധിച്ചും ക്ലിഫ് ഹൗസിൽ ചർച്ച നടത്തിയിട്ടുണ്ടെന്നും സ്വപ്‌ന മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.

താൻ മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ കച്ചവടങ്ങളുടെ കണ്ണിയായിരുന്നു. മുഖ്യമന്ത്രിയെ കണ്ട തീയതികൾ പുറത്തുവിടും. ഒറ്റയ്ക്കും ശിവശങ്കറിനൊപ്പവും മണിക്കൂറുകളോളം മുഖ്യമന്ത്രിയോട് സംസാരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ കച്ചവടങ്ങൾക്കായി മാത്രം താൻ വിവിധ രാജ്യങ്ങളിൽ സഞ്ചരിച്ചിട്ടുണ്ട്. എന്നിട്ടും തന്നെ കണ്ടിട്ട് പോലുമില്ലെന്ന് പറയാൻ മുഖ്യമന്ത്രിക്കെങ്ങനെ കഴിയുന്നുവെന്ന് സ്വപ്ന ചോദിച്ചു. അന്നേ ദിവസങ്ങളിലെ ക്ലിഫ് ഹൗസിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടാൻ ധൈര്യമുണ്ടോയെന്ന് സ്വപ്‌ന മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയും ചെയ്തു.

സ്‌പേസ് പാർക്കിലെ ജോലിക്ക് മുമ്പ് തന്നെ നോർക്കയിൽ നിയമിക്കാൻ ശിവശങ്കർ ശ്രമിച്ചിരുന്നു. ഇത് മുഖ്യമന്ത്രിക്കും അറിയാം, ഇതിനിടയിലാണ് എം എ യൂസഫലിയുടെ എതിർപ്പ് വരുന്നത്. ഇതേത്തുടർന്നാണ് സ്‌പേസ് പാർക്കിൽ തന്നെ നിയമിക്കാൻ തീരുമാനമാനിച്ചത്. യൂസഫലി എന്തുകൊണ്ട് തന്നെ എതിർത്തുവെന്നതിനെക്കുറിച്ച് പിന്നീട് വെളിപ്പെടുത്തും. കച്ചവടങ്ങളുടെ കണ്ണിയായ താൻ രാജി വച്ചതറിഞ്ഞാണ് സിഎം രവീന്ദ്രൻ ഞെട്ടിയത്. യുഎഇ കോൺസുലേറ്റ് വഴിയുള്ള അനധികൃത ഇടപാടുകൾ നിലയ്ക്കുമോ എന്ന് സിഎം രവീന്ദ്രൻ ഭയന്നുവെന്നും സ്വപ്‌നാ സുരേഷ് ചൂണ്ടിക്കാട്ടി.