കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് ശശി തരൂരും യോഗ്യന്‍: താരിഖ് അന്‍വര്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് ശശി തരൂരും യോഗ്യനാണെന്നും, ജാതി സമവാക്യങ്ങളടക്കം പരിഗണിക്കേണ്ടതുണ്ടെന്നും ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. തരൂരിനെ പരിഗണിക്കണോയെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും പ്ലീനറിയുടെ സന്ദേശം നേതാക്കള്‍ മറക്കരുതെന്നും താരിഖ് അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ പ്രത്യേക ക്ഷണിതാവാകാനില്ലെന്നും സമിതി അംഗത്വം തന്നെ വേണമെന്ന നിലപാടാണ് തരൂരിന്. പ്രത്യേകം ക്ഷണിതാവായാല്‍ എല്ലാ യോഗങ്ങളിലും പങ്കെടുക്കാനാവില്ല. നേതൃത്വം ആവശ്യപ്പെടുന്ന ഘട്ടങ്ങളില്‍ പങ്കെടുക്കാമെങ്കിലും, അഭിപ്രായ പ്രകടനങ്ങള്‍ക്ക് പോലും പരിമിതിയുണ്ട്. വിമര്‍ശനങ്ങള്‍ ഒഴിവാക്കാന്‍ പ്രത്യേക ക്ഷണിതാവാക്കി പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്താനാണ് നേതൃത്വത്തിന്റെ ശ്രമം.

എന്നാല്‍, പുതിയ പ്രവര്‍ത്തക സമിതിയെ നാമനിര്‍ദ്ദേശം ചെയ്യാന്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.