ബെംഗളൂരു-മൈസൂരു 10 വരി അതിവേഗപാതയിൽ ടോൾപിരിവ് ആരംഭിച്ചു

ന്യൂഡൽഹി: ബെംഗളൂരു-മൈസൂരു 10 വരി അതിവേഗപാതയിൽ ടോൾപിരിവ് ആരംഭിച്ചു. ബെംഗളൂരു-നിദാഘട്ട ഭാഗത്താണ് രാവിലെ എട്ടുമുതൽ ടോൾപിരിവ് ആരംഭിച്ചത്. ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത്. ബിഡാദിക്ക് സമീപത്തെ കനിമിനികെ ടോൾ പ്ലാസയിൽനിന്നാണ് തുക ഈടാക്കുക. ദേശീയപാത അതോറിറ്റിയുടെ ആസ്ഥാനത്തുനിന്നുള്ള ഉത്തരവ് പ്രകാരമാണ് ടോൾപിരിവ് തുടങ്ങുന്നതെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു.

രണ്ടുഭാഗങ്ങളായാണ് അതിവേഗപാത. ബെംഗളൂരു മുതൽ മാണ്ഡ്യയിലെ മദ്ദൂർ താലൂക്കിലെ നിദാഘട്ട വരെയാണ് ഒന്നാം ഭാഗം. നിദാഘട്ട മുതൽ മൈസൂരു വരെയുമായാണ് രണ്ടാംഭാഗം. നിർമാണം പൂർത്തിയാകാത്തതിനാൽ നിദാഘട്ട മുതൽ മൈസൂരു വരെയുള്ള ഭാഗത്ത് പിന്നീടാണ് ടോൾ ഈടാക്കുക. ശ്രീരംഗപട്ടണയ്ക്ക് സമീപത്തെ ഗനഗുരുവിലാണ് ഈ ഭാഗത്തെ ടോൾ പ്ലാസ സ്ഥിതിചെയ്യുന്നത്. ഓരോ ടോൾ പ്ലാസയിലും 11 വീതം ഗേറ്റുകളുണ്ടാകും. ഫാസ്ടാഗ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.

നിദാഘട്ട-മൈസൂരു ഭാഗത്തെ ടോൾനിരക്കുകൂടി പുറത്തുവന്നാൽ മാത്രമേ അതിവേഗപാതയിലെ പൂർണമായ ടോൾ സംബന്ധിച്ച് വ്യക്തമാകൂ. മാർച്ച് 11-നാണ് അതിവേഗപാതയുടെ ഉദ്ഘാടനം കർമ്മം നിർവ്വഹിക്കുന്നത്.