ജാമ്യവ്യവസ്ഥയിൽ ഇളവ് വേണം; കേരളത്തിലേക്ക് മടങ്ങണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി അബ്ദുൾനാസർ മഅദ്‌നി

ബംഗളൂരു: ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി അബ്ദുൾനാസർ മഅദ്‌നി. കേരളത്തിലേക്ക് പോകണമെന്നാവശ്യപ്പെട്ടാണ് അബ്ദുൾനാസർ മഅദ്‌നി സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. തന്റെ ആരോഗ്യം മോശമാണെന്നും അതിനാൽ നാട്ടിലേക്ക് പോകണമെന്നുമാണ് മഅദ്‌നിയുടെ ആവശ്യം.

ബംഗളുരു വിട്ടു പുറത്ത് പോകരുത് എന്നതാണ് മഅദ്‌നിയുടെ ജാമ്യവ്യവസ്ഥകളിലൊന്ന്. ഇതിൽ ഇളവ് തേടിയാണ് മഅദ്‌നി സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. തനിക്ക് പക്ഷാഘാത ലക്ഷണങ്ങളുണ്ടെന്നും ബംഗളുരുവിലെ ആശുപത്രിയിലെ പരിശോധനയിൽ തലച്ചോറിലേക്കുള്ള രക്തയോട്ടം കുറവാണെന്ന് കണ്ടെത്തി ശസ്ത്രക്രിയ നിർദേശിച്ചെന്നും മഅദ്‌നി പറയുന്നു.

തന്റെ നിലവിലെ ആരോഗ്യസ്ഥിതി ശസ്ത്രക്രിയയ്ക്ക് പറ്റിയതല്ലെന്ന് ഡോക്ടർമാർ പറഞ്ഞതായും തുടർ ചികിത്സയ്ക്ക് കേരളത്തിലേക്ക് പോകാൻ അനുവദിക്കണമെന്നുമുള്ള ആവശ്യമാണ് മഅദ്‌നി ഉന്നയിക്കുന്നത്. നേരത്തെ അർബുദരോഗബാധിതയായി ആശുപത്രിയിൽ കഴിഞ്ഞിരുന്ന ഉമ്മയെ കാണാൻ മഅദ്‌നി കേരളത്തിലെത്തിയിരുന്നു. 2018 ഒക്ടോബറിലായിരുന്നു മഅദ്‌നി കേരളത്തിലെത്തിയത്.