തിരുവനന്തപുരം: വീണ്ടും പോരിനൊരുങ്ങി സംസ്ഥാന സർക്കാരും ഗവർണറും. മലയാളം സർവ്വകലാശാല വൈസ് ചാൻസലർ നിയമനത്തിൽ സംസ്ഥാന സർക്കാരിനോട് നിലപാട് കടുപ്പിച്ചതോടെയാണ് വീണ്ടും പോര് കനക്കുന്നത്. സംസ്ഥാന സർക്കാർ സേർച്ച് കമ്മിറ്റിയിലേക്ക് ഗവർണറുടെ പ്രതിനിധിയെ വീണ്ടും ആവശ്യപ്പെട്ടതിന് ഗവർണർ രോഷത്തോടെ മറുപടി നൽകി. എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിൽ ആണ് സർക്കാർ കത്ത് അയച്ചതെന്നാണ് ഗവർണർ മറുപടിയിൽ ചോദിക്കുന്നത്.
മലയാളം സർവകലാശാല വി സി നിയമനത്തിനും സെർച്ച് കമ്മിറ്റി രൂപവത്കരണത്തിനും സ്വന്തം നിലയിൽ നീക്കം നടത്തി സർക്കാർ മുന്നോട്ടു പോകുന്നതിനിടെയാണ് വിയോജിപ്പ് അറിയിച്ച് ഗവർണർ രംഗത്തെത്തിയത്. സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയെ ഗവർണർ ചോദിച്ചപ്പോൾ നൽകിയിരുന്നില്ല. സർച്ച് കമ്മിറ്റി സ്വന്തം നിലക്ക് രൂപീകരിക്കാനായിരുന്നു സർക്കാരിന്റെ നീക്കം. ഈ മാസം 28 നാണ് മലയാളം സർവകലാശാല വിസിയുടെ കാലാവധി അവസാനിക്കുന്നത്.
നിലവിലുള്ള നിയമപ്രകാരം മൂന്നംഗ സെർച്ച് കമ്മിറ്റിയാണ് രൂപവത്കരിക്കേണ്ടത്. അതിനിടെയാണ് അഞ്ചംഗ സെർച്ച് കമ്മിറ്റി രൂപവത്കരിക്കുന്നതിനായി സർക്കാർ തന്നെ നീക്കം നടത്തുന്നത്. നേരത്തെ സെർച്ച് കമ്മിറ്റി രൂപവത്കരിക്കാൻ ഗവർണർ നീക്കം നടത്തിയെങ്കിലും സർക്കാർ അതിനോട് സഹകരിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് സർക്കാരിന്റെ ഭാഗത്തുനിന്നുള്ള പുതിയ നീക്കം. ഇതോടെയാണ് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സെർച്ച് കമ്മിറ്റി രൂപവത്കരിക്കാനുള്ള നീക്കമെന്ന് ഗവർണർ ചോദിച്ചത്.

