ന്യൂഡൽഹി: രാജ്യത്ത് അധികാരത്തിലെത്തിയാൽ ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്ന് കോൺഗ്രസ്. റായ്പൂരിലെ പ്ലീനറി സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിലാണ് കോൺഗ്രസ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. എന്നാൽ, കശ്മീരിന് പ്രത്യേക പദവി നൽകിയ 370-ാം വകുപ്പ് റദ്ദാക്കിയതിലും പുനസ്ഥാപിക്കുന്നതിലും പ്രമേയത്തിൽ പരാമർശമില്ല. ഇന്ത്യ ചൈന അതിർത്തി വിഷയത്തിൽ രാജ്യതാത്പര്യം സംരക്ഷിക്കുമെന്നും കോൺഗ്രസ് അറിയിച്ചു.
മതത്തിന്റെ പേരിലുള്ള കുറ്റകൃത്യങ്ങൾ തടയാൻ നിയമനിർമ്മാണം നടത്തുമെന്നും ജുഡീഷ്യറിയുടെ പ്രവർത്തന സ്വാതന്ത്യം ഉറപ്പ് വരുത്തുമെന്നും മറ്റു പ്രമേയങ്ങളിൽ കോൺഗ്രസ് അറിയിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിന് വെല്ലുവിളിയാകുന്ന കാലഹരണപ്പെട്ട നിയമങ്ങൾ റദ്ദ് ചെയ്യും. പൗരൻമാരുടെ സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കാനായി ഡേറ്റാ പ്രൊട്ടക്ഷൻ നിയമം കൊണ്ടുവരും. ന്യായ് പദ്ധതി നടപ്പാക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി.
ബിജെപിയെ അധികാരത്തിൽ നിന്ന് താഴെയിറക്കാൻ സമാനമനസുള്ള ഏത് പാർട്ടിയുമായും കൈകോർക്കുമെന്നും പാർട്ടി പ്രഖ്യാപിച്ചു.

