തിരുവനന്തപുരം: പലവിധ പരാധീനതകളാൽ വിവാഹജീവിതമെന്ന സ്വപ്നം സാക്ഷാത്കരിക്കാനാവാത്ത 800 പേരുടെ ജീവിതവഴിയിൽ വെളിച്ചമാകുകയാണ് പാടന്തറ മർകസെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. സമാനതകളില്ലാത്ത വലിയ സാമൂഹ്യ സേവനമാണ് നീലഗിരി ജില്ലയിലെ പാടന്തറ മർകസിലെ സമൂഹ വിവാഹമെന്ന് അദ്ദേഹം പറഞ്ഞു.
ഇരുൾനിറഞ്ഞ ജീവിതസാഹചര്യമുള്ള, നിത്യചിലവുകൾക്ക് പോലും കഷ്ടപ്പെടുന്ന കുടുംബങ്ങളിലെ 800 വധൂവരന്മാരാണ് ഫെബ്രുവരി 26 ഞായറാഴ്ച പാടന്തറ മർകസിലെ വിവാഹപ്പന്തലിൽ ഒന്നിക്കുന്നത്. അവരുടെ പുതിയ ജീവിതത്തിലേക്ക് വഴിയും വെളിച്ചവുമാവാൻ നമ്മുടെ കരുതലും കാരുണ്യവും അനിവാര്യമാണെന്നും അദ്ദേഹം അറിയിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പരാമർശം.
ഒരു നാടാകെ ഒന്നിക്കുന്ന ഈ മഹാ സംഗമത്തിലേക്ക് നാം നമ്മുടെ പങ്ക് നൽകേണ്ടതുണ്ട്. അനേകം മനുഷ്യരുടെ സന്തോഷത്തിന്റെ, സാഫല്യത്തിന്റെ നിമിഷങ്ങളിൽ എല്ലാ അർത്ഥത്തിലും നമുക്കും ഭാഗമാകാം. വിവാഹമെന്നത് അനേകം മാറ്റങ്ങൾക്ക് നിദാനമാവുന്ന നല്ലൊരു മുഹൂർത്തമാണ്. ഒരുപാട് ആധികൾക്കും നോവുകൾക്കുമുള്ള മറുമരുന്നും. കുടുംബമെന്ന സാമൂഹിക സ്ഥാപനത്തിന്റെ തുടക്കവുമാണത്. വ്യക്തിപരമായും സാമൂഹികപരമായും ഏറെ സന്തോഷവും പ്രസക്തിയുമുള്ള ഈ മംഗളകർമത്തിന് തുണയാവുക എന്നത് എന്തുകൊണ്ടും പ്രാധാന്യമർഹിക്കുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മലയോര ഗ്രാമങ്ങളിലെ കുടുംബങ്ങൾക്ക് പല സന്തോഷങ്ങളും ഇന്നും വെറും സ്വപ്നങ്ങൾ മാത്രമാണ്. ആ ജീവിത യാഥാർത്ഥ്യം നേരിട്ട് കണ്ടും അറിഞ്ഞുമുള്ള അനുഭവങ്ങളിൽ നിന്നാണ് നീലഗിരി ജില്ലാ സുന്നി യുവജന സംഘത്തിന്റെയും പാടന്തറ മർകസിന്റെയും ആഭിമുഖ്യത്തിൽ യുവതീയുവാക്കളുടെ വിവാഹ സ്വപ്ന സാക്ഷത്കാരങ്ങൾക്ക് ശ്രമങ്ങളുണ്ടാവുന്നത്. ദേവർശോല അബ്ദുസ്സലാം മുസ്ലിയാരുടെ നേതൃത്വത്തിൽ 2014 മുതൽ ആരംഭിച്ച സമൂഹവിവാഹത്തിലൂടെ ഇതുവരെ 1120 വധൂവരന്മാരാണ് ഒരുമിച്ചിരുന്ന് സ്വപ്നങ്ങൾ നെയ്തുതുടങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
സമാനതകളില്ലാത്ത വലിയ സാമൂഹ്യ സേവനമാണ് നീലഗിരി ജില്ലയിലെ പാടന്തറ മർകസിലെ സമൂഹ വിവാഹം. പലവിധ പരാധീനതകളാൽ വിവാഹജീവിതമെന്ന സ്വപ്നം സാക്ഷാത്കരിക്കാനാവാത്ത അനേകമാളുകൾക്കാണ് ഈ ഉദ്യമം തുണയാവുന്നത്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മലയോര ഗ്രാമങ്ങളിലെ കുടുംബങ്ങൾക്ക് പല സന്തോഷങ്ങളും ഇന്നും വെറും സ്വപ്നങ്ങൾ മാത്രമാണ്. ആ ജീവിത യാഥാർത്ഥ്യം നേരിട്ട് കണ്ടും അറിഞ്ഞുമുള്ള അനുഭവങ്ങളിൽ നിന്നാണ് നീലഗിരി ജില്ലാ സുന്നി യുവജന സംഘത്തിന്റെയും പാടന്തറ മർകസിന്റെയും ആഭിമുഖ്യത്തിൽ യുവതീയുവാക്കളുടെ വിവാഹ സ്വപ്ന സാക്ഷത്കാരങ്ങൾക്ക് ശ്രമങ്ങളുണ്ടാവുന്നത്. ദേവർശോല അബ്ദുസ്സലാം മുസ്ലിയാരുടെ നേതൃത്വത്തിൽ 2014 മുതൽ ആരംഭിച്ച സമൂഹവിവാഹത്തിലൂടെ ഇതുവരെ 1120 വധൂവരന്മാരാണ് ഒരുമിച്ചിരുന്ന് സ്വപ്നങ്ങൾ നെയ്തുതുടങ്ങിയത്.
വിവാഹമെന്നത് അനേകം മാറ്റങ്ങൾക്ക് നിദാനമാവുന്ന നല്ലൊരു മുഹൂർത്തമാണ്. ഒരുപാട് ആധികൾക്കും നോവുകൾക്കുമുള്ള മറുമരുന്നും. കുടുംബമെന്ന സാമൂഹിക സ്ഥാപനത്തിന്റെ തുടക്കവുമാണത്. വ്യക്തിപരമായും സാമൂഹികപരമായും ഏറെ സന്തോഷവും പ്രസക്തിയുമുള്ള ഈ മംഗളകർമത്തിന് തുണയാവുക എന്നത് എന്തുകൊണ്ടും പ്രാധാന്യമർഹിക്കുന്നതാണ്. അങ്ങേയറ്റം പ്രതിഫലാർഹവും.
ഇരുൾനിറഞ്ഞ ജീവിതസാഹചര്യമുള്ള, നിത്യചിലവുകൾക്ക് പോലും കഷ്ടപ്പെടുന്ന കുടുംബങ്ങളിലെ 800 വധൂവരന്മാരാണ് ഫെബ്രുവരി 26 ഞായറാഴ്ച പാടന്തറ മർകസിലെ വിവാഹപ്പന്തലിൽ ഒന്നിക്കുന്നത്. അവരുടെ പുതിയ ജീവിതത്തിലേക്ക് വഴിയും വെളിച്ചവുമാവാൻ നമ്മുടെ കരുതലും കാരുണ്യവും അനിവാര്യമാണ്. ഒരു നാടാകെ ഒന്നിക്കുന്ന ഈ മഹാ സംഗമത്തിലേക്ക് നാം നമ്മുടെ പങ്ക് നൽകേണ്ടതുണ്ട്. അനേകം മനുഷ്യരുടെ സന്തോഷത്തിന്റെ, സാഫല്യത്തിന്റെ നിമിഷങ്ങളിൽ എല്ലാ അർത്ഥത്തിലും നമുക്കും ഭാഗമാകാം.

