വാഷിംഗ്ടൺ: റഷ്യയ്ക്കെതിരെ വിമർശനവുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. യുക്രൈൻ റഷ്യയ്ക്ക് ഒരിക്കലും ഒരു വിജയമാകില്ലെന്ന് അദ്ദേഹം പറഞ്ഞു. യുക്രൈൻ സന്ദർശനത്തിന് ശേഷം പോളണ്ടിലെ വാർസോയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യത്തിന്റെ ഇച്ഛയെ തകർക്കാൻ പൈശാചികതയ്ക്കു കഴിയില്ല. റഷ്യയ്ക്ക് ഒരിക്കലും യുക്രൈൻ ഒരു വിജയമാകില്ല. ഒരിക്കലും. സ്വതന്ത്രരായവർ അന്ധതയുടെയും പ്രതീക്ഷയില്ലായ്മയുടെയും ലോകത്ത് ജീവിക്കാൻ വിസമ്മതിക്കും. റഷ്യ യുക്രൈന്റ മേലുള്ള അധിനിവേശം ആരംഭിച്ചപ്പോൾ ലോകം മുഴുവനും എല്ലാ ജനാധിപത്യസംവിധാനങ്ങളുമാണ് പരീക്ഷിക്കപ്പെട്ടത്. റഷ്യയുടെ നടപടിയോടു പ്രതികരിക്കണോ അതോ മറു വശത്തേക്കു തിരിയണോ എന്നു തിരഞ്ഞെടുക്കേണ്ടിയിരുന്നു. ഒരു വർഷത്തിനുശേഷം നമുക്കറിയാം ഇതിന്റെ ഉത്തരം എന്താണെന്ന് – ലോകം പ്രതികരിച്ചു! നമ്മൾ ജനാധിപത്യത്തിനുവേണ്ടി ശക്തമായി നിന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പാശ്ചാത്യ ലോകം റഷ്യയ്ക്കുനേരെ ആക്രമണം നടത്താൻ പദ്ധതിയിടുന്നില്ല. യുദ്ധം ഒരു അത്യാവശ്യകാര്യവുമല്ല. പക്ഷേ അതൊരു ദുരന്തമാണ്. പുട്ടിനാണ് ഈ യുദ്ധം തിരഞ്ഞെടുത്തത്. അദ്ദേഹത്തിനുതന്നെ അത് പെട്ടെന്ന് അവസാനിപ്പിക്കാം. യുക്രൈന്റെ മേൽ അധിനിവേശം നടത്തുന്നത് റഷ്യ നിർത്തിയാൽ യുദ്ധവും അവസാനിപ്പിക്കാം. പക്ഷേ, യുക്രൈൻ പ്രതിരോധം അവസാനിപ്പിച്ചാൽ അതിനർഥം യുക്രൈനിന്റെ അവസാനമെന്നാണെന്നും അദ്ദേഹം അറിയിച്ചു.

