കരള്‍ ദാനത്തിനുള്ള നൂലാമാലകള്‍ സുബി സുരേഷിന്റെ അടിയന്തര ചികിത്സയ്ക്ക് തടസമായി; സുരേഷ് ഗോപി

കൊച്ചി: സുബി സുരേഷിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് സുരേഷ് ഗോപി. സുബിയുടെ ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങളും അദ്ദേഹം വെളിപ്പെടുത്തി. ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. സുബിയെ രക്ഷിക്കാൻ കഴിഞ്ഞ പത്ത് ദിവസത്തോളമായി പിന്നാലെ ആയിരുന്നുവെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.

കരള്‍ ദാനത്തിനുള്ള നൂലാമാലകള്‍ സുബി സുരേഷിന്റെ അടിയന്തര ചികിത്സയ്ക്ക് തടസമായെന്നും സുരേഷ് ഗോപി അറിയിച്ചു. നമുക്കിത് ഒഴിവാക്കാമായിരുന്നു. പക്ഷെ നിയമത്തിന്റെ നൂലാമാലകൾ എന്ന് പറയുന്നത് പലപ്പോഴും സമയബന്ധിതമാണ്. ഇപ്പോഴങ്ങു കൈവിട്ടു പോകും എന്ന് പറയുന്ന ജീവിതത്തെ നിലനിർത്തിയെടുത്തു ദീർഘകാലം അവർക്ക് അവരുടെ ജീവൻ നിലനിർത്താനുള്ള അവകാശം പോലും നിഷേധിക്കുന്ന തരത്തിൽ നിയമങ്ങൾ കഠിനമായി. ഇല്ലെങ്കിൽ അതിനു കാരണം മനുഷ്യനിലെ വളരെ മോശപ്പെട്ട അവയവദാനത്തിലെ കള്ളത്തരങ്ങൾ വളർന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

ഇതിനൊക്കെ നമുക്ക് നിയമത്തിൽ കുറച്ചുകൂടി കരുണ വരണമെങ്കിൽ മനുഷ്യന്റെ ജീവിത രീതിയിലൊക്കെ ഒരുപാട് മാറ്റം വരുത്തേണ്ടിയിരിക്കുന്നു. ഒരിക്കലും നമുക്ക് ഈ പ്രായത്തിലും ഈ കാലാവസ്ഥയിലും നഷ്ടപ്പെടാൻ പാടില്ലാത്ത ഒരു ഉന്നത കലാകാരി തന്നെയായിരുന്നു സുബി. ഇനിയും നമ്മുടെ ഓർമകളിൽ സുബി നമ്മളെ ചിരിപ്പിച്ചുകൊണ്ടേ ഇരിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.