മികച്ച പ്രതിനായകനുള്ള ദാദ സാഹിബ് ഫാല്‍ക്കേ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ പുരസ്‌കാരത്തിന് ദുല്‍ഖര്‍ സല്‍മാന്‍ അര്‍ഹനായി. ‘ചുപ്പ്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ദുല്‍ഖറിനെ തേടി പുരസ്‌കാരം എത്തിയിരിക്കുന്നത്. ആദ്യമായാണ് ഒരു മലയാളി നടന് ഈ അവാര്‍ഡ് ലഭിക്കുന്നത്. പ്രേക്ഷക പ്രീതിയും മികച്ച നിരൂപക പ്രശംസയും പിടിച്ചുപറ്റിയ ചിത്രമാണ് ‘ചുപ്പ്’.
ദുല്‍ഖറിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമായിരുന്നു ഇത്. ആര്‍ ബല്‍കി രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘ചുപ്പ്’ സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയാണ്. സണ്ണി ഡിയോള്‍ ആണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. പൂ കൃഷി ഉപജീവനമാക്കിയ ഡാനി എന്ന നിഗൂഢതകളേറെയുള്ള ഒരു കഥാപാത്രമായാണ് ചിത്രത്തില്‍ ദുല്‍ഖര്‍ അഭിനയിച്ചിരിക്കുന്നത്.
ദുല്‍ഖറിന്റെ വേഫേറെര്‍ ഫിലിംസ് ആണ് കേരളത്തില്‍ ചുപ്പ് വിതരണത്തിനെത്തിച്ചത്. സീ ഫൈവിലൂടെയാണ് ചിത്രം ഒടിടി റിലീസ് ചെയ്തത്.

