ജമാഅത്തെ ഇസ്ലാമിയും ആർഎസ്എസും നടത്തിയ ചർച്ചയിൽ എന്തിനാണ് യുഡിഎഫ് മൗനം പാലിക്കുന്നത്; ചോദ്യവുമായി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: : മതരാഷ്ട്ര വാദത്തെ അനുകൂലിക്കുന്നവരായ ജമാഅത്തെ ഇസ്ലാമിയും ആർഎസ്എസും നടത്തിയ ചർച്ചയിൽ എന്തിനാണ് യുഡിഎഫ് മൗനം പാലിക്കുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഈ ചർച്ചയെ സംബന്ധിച്ച് മുസ്ലീം ലീഗ് ഒരക്ഷരം മിണ്ടിയിട്ടില്ല, യുഡിഎഫ് നേതൃത്വവും മൗനം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തിൽ കെപിസിസി പ്രസിഡണ്ടിന്റെ നിലപാട് എന്താണ്. ജമാഅത്തെ ഇസ്ലാമി ആർഎസ്എസ് ചർച്ചയിൽ പ്രതിപക്ഷനേതാവ് എന്താണ് ഒന്നും പറയാത്തതെന്നും അദ്ദേഹം ചോദിക്കുന്നു. ജമാഅത്തെ ഇസ്ലാമിയും ആർഎസ്എസും നടത്തിയ ചർച്ചയെപ്പറ്റി യുഡിഎഫ് നേതാക്കൾ ഒന്നും മിണ്ടാത്തത് മതനിരപേക്ഷതയോടുള്ള വഞ്ചനയാണ്. കേരളത്തിലെ മുസ്ലിം സംഘടനകളും പണ്ഡിത നേതൃത്വവും ഈ ചർച്ചയ്ക്കെതിരേ നിലപാട് സ്വീകരിച്ചു. സുപ്രഭാതം പോലുള്ള പത്രങ്ങളും ഇതിനെതിരേ ശക്തമായ നിലപാടെടുത്തു. എന്നാൽ ലീഗ് ഒരക്ഷരം മിണ്ടിയിട്ടില്ല. ലീഗ് ദിനപത്രമായ ചന്ദ്രികയിൽ ഒന്നും വന്നിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ ഇടതുമുന്നണി തുടർഭരണം ദഹിക്കാത്ത ചില സംഘങ്ങൾ എല്ലാവരെയും യോജിപ്പിച്ചുകൊണ്ട് ഈ സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമം നടത്തുകയാണ്. ഈ ചർച്ചകൾക്കു പിന്നിൽ അത്തരമൊരു ശ്രമമുണ്ടോ എന്ന് വ്യക്തമാക്കണം. ജമാഅത്തെ ഇസ്ലാമിയുടെ തണലിൽ വിലസുന്ന രാഷ്ട്രീയപ്പാർട്ടി യു.ഡി.എഫിന് പരസ്യമായും രഹസ്യമായുമൊക്കെ പിന്തുണ നൽകുകയാണ്. ഈ ഘട്ടത്തിൽ ഇത് കൂട്ടിവായിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.