തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ശമ്പളം ഗഡുക്കളായി നൽകാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കി സിഐടിയു. തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം നടത്താനാണ് സിഐടിയു ആഭിമുഖ്യത്തിലുള്ള കെഎസ്ആർടിഇയുടെ തീരുമാനം.
ശമ്പള വിതരണം സംബന്ധിച്ച എംഡി ബിജു പ്രഭാകറിന്റെ ഉത്തരവ് സംഘടനയുടെ ആഹ്വാനം അനുസരിച്ച് എല്ലാ യൂണിറ്റിലും കഴിഞ്ഞ ദിവസം കത്തിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി പൊതു ഗതാഗത ചലനത്തിന്റെ 85-ാം വാർഷിക ദിനമായ ഫെബ്രുവരി 20 തിങ്കളാഴ്ച കെഎസ്ആർടിസി എംഡി ബിജു പ്രഭാകറിന്റെ വ്യവസായ -തൊഴിലാളിവിരുദ്ധ നിലപാടുകൾക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ നടത്തുമെന്നാണ് സംഘടന അറിയിച്ചിട്ടുള്ളത്.
ചീഫ് ഓഫീസ് നടയിൽ പ്രതിഷേധ ധർണ്ണയും നടത്തും. തിരുവനന്തപുരം നഗരത്തിൽ നിന്നും പ്രതിഷേധ പ്രകടനമായി ചീഫ് ഓഫീസിൽ എത്തിയാണ് പ്രതിഷേധ ധർണ്ണ നടത്തുന്നത്. ഇതിന് പുറമെ മുഖ്യമന്ത്രിക്ക് 10,000 ജീവനക്കാർ കത്തയക്കുന്ന ക്യാംപെയ്‌നും ആരംഭിക്കും. സംഘടനയുടെ വർക്കിംഗ് പ്രസിഡന്റ് സികെ ഹരികൃഷ്ണൻ ക്യാംപെയ്‌ന്റെ ഉദ്ഘാടനം നിർവ്വഹിക്കും.

