ലൈഫ് മിഷൻ; മുഖ്യമന്ത്രിയുടെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം: ലൈഫ് മിഷൻ കോഴക്കേസിൽ വീണ്ടും കുരുക്ക് മുറുകുന്നു. മുഖ്യമന്ത്രിയുടെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ലൈഫ് മിഷൻ കേസിൽ ചോദ്യം ചെയ്യാനായി വീണ്ടും വിളിച്ചു വരുത്താനാണ് എൻഫോഴ്‌സ്‌മെന്റിന്റെ തീരുമാനം. രവീന്ദ്രനെ ചോദ്യം ചെയ്യുന്നതോടെ ഉന്നതരുടെ പങ്കിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വരുമെന്നാണ് ഇഡി പ്രതീക്ഷിക്കുന്നത്.

മുൻപ് ഇഡി രണ്ടുവണ രവീന്ദ്രന്റെ മൊഴി എടുത്തിരുന്നു. എം ശിവശങ്കറും സ്വപ്ന സുരേഷും തമ്മിൽ നടത്തിയ വാട്‌സാപ്പ് ചാറ്റുകളിൽ രവീന്ദ്രനെപ്പറ്റി പറയുന്നുണ്ട്. ഇതാണ് രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്യാൻ കാരണം. ലൈഫ് മിഷൻ കോഴയിടപാടിൽ ഉന്നത രാഷ്ട്രീയ, ഉദ്യോഗസ്ഥ പങ്കുണ്ടെന്നാണ് ഇഡിയുടെ വിലയിരുത്തൽ. മുഖ്യമന്ത്രിയുടെ ഓഫീസിലേക്കുൾപ്പെടെ അന്വേഷണം വ്യാപിപ്പിക്കാനാണ് ഇഡിയുടെ നീക്കം.

ചാർട്ടേർഡ് അക്കൗണ്ടന്റ് വേണുഗോപാൽ, ലൈഫ്മിഷൻ മുൻ സി.ഇ.ഒ യു.വി. ജോസ് എന്നിവരെ കഴിഞ്ഞ ദിവസം ഇഡി ചോദ്യം ചെയ്തിരുന്നു. കരാറുകാരനെ കണ്ടെത്തുന്നതിനും ശിവശങ്കറാണ് മുൻകൈയെടുത്തതെന്ന് ജോസ് മൊഴി നൽകി. ശിവശങ്കറിനെ ഒപ്പമിരുത്തിയാണ് ഇവരെ ഇഡി ചോദ്യം ചെയ്തത്.