തിരുവനന്തപുരം: കെഎസ്ആർടിസിയിലെ തീരുമാനം ഏകപക്ഷീയമാണെന്ന വിമർശനവുമായി സിപിഎം നേതാവും സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എ കെ ബാലൻ. ഗതാഗതമന്ത്രിയുടെ നിലപാട് എൽഡിഎഫ് നയത്തിന് വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. കെഎസ്ആർടിസിയിൽ ഏറെ കാലമായി നിലനിൽക്കുന്ന പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങളെ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിലെടുത്ത തീരുമാനങ്ങൾക്ക് വിരുദ്ധമായിട്ടാണ് ഇപ്പോൾ മാനേജ്മെന്റ് നിലപാട് സ്വീകരിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ 2022 സെപ്തംബർ 5-ാം തീയതി ചർച്ച ചെയ്ത് തീരുമാനിച്ച കാര്യത്തിൽ എവിടേയും മാസ ശമ്പളം ഘഡുക്കളായി കൊടുക്കാമെന്ന് ബന്ധപ്പെട്ട മന്ത്രിയോ, മാനേജ്മെന്റോ പറഞ്ഞിരുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.
ജീവനക്കാരെ മൊത്തം ബാധിക്കുന്ന പ്രശ്നത്തിൽ ഏകപക്ഷീയമായ തീരുമാനം എടുത്തതിന് ശേഷം യൂണിയനുകളുമായി വേണമെങ്കിൽ ചർച്ച ചെയ്യാം എന്ന ട്രാൻസ്പോർട് മന്ത്രിയുടെ നിലപാട് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ നയത്തിന് വിരുദ്ധമാണ്. സ്ഥാപനത്തിന്റെ പൊതു സാമ്പത്തിക സ്ഥിതിയെ സംബന്ധിച്ചും, കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ സംബന്ധിച്ചും പൂർണ്ണമായും ബോധ്യമുള്ളവരാണ് തൊഴിലാളികൾ. ഈ സാമ്പത്തിക പ്രതിസന്ധിയിൽ മറ്റൊരു സ്ഥാപനത്തിനും ലഭിക്കാത്ത സാമ്പത്തിക സഹായം സർക്കാർ നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ സർക്കാരിന്റെ എല്ലാ തീരുമാനങ്ങളോടും പൊതുവിൽ തൊഴിലാളികൾ യോജിപ്പ് പ്രകടിപ്പിക്കുന്നു. നിഷേധ നിലപാട് മാനേജ്മെന്റ് സ്വീകരിക്കുന്നതിന് മറ്റെന്തോ അജണ്ടയാണുള്ളതെന്നും അദ്ദേഹം വിമർശനം.
ചില കടലാസ് സംഘടനകൾ ചൂണ്ടിക്കാണിക്കുന്നതനുസരിച്ചാണ് സിഐടിയു നേതാക്കളുടെ പേരിൽ മാനേജ്മെന്റ് നടപടി സ്വീകരിച്ചിട്ടുള്ളത്. ഒരു സംഘടനയുടെ സംസ്ഥാന നേതാവ് കൊലപാതക കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടിട്ട് പോലും ആ നേതാവിന്റെ പേരിൽ നടപടിയെടുക്കുന്നതിന് മാനേജ്മെന്റ് വൈമനസ്യം കാണിച്ചത് ഒരു പ്രത്യേക സംഘടനയെ വഴിവിട്ട് സഹായിക്കുന്നതിന്റെ ഭാഗമായിട്ടാണ്. കെ.എസ്.ആർ.ടി.സി തൊഴിലാളികളെ മുഴുവൻ ഒരു പ്രത്യേക സംഘടനയിലേക്കെത്തിക്കാനുള്ള മാനേജ്മെന്റിന്റെ നീക്കം ഈ സർക്കാർ വന്നതിന് ശേഷം സമർഥമായി നടക്കുകയാണ്. ഇത് സത്യസന്ധമായി മനസ്സിലാക്കാൻ ബന്ധപ്പെട്ട മന്ത്രിക്ക് കഴിയണമെന്ന് എ കെ ബാലൻ ആവശ്യപ്പെട്ടു.

