കേരളത്തിലെ തൊഴിലില്ലായ്മയുടെ അവസ്ഥ കശ്മീരിലേതിന് സമാനം; ശശി തരൂർ

പത്തനംതിട്ട: സംസ്ഥാനത്തെ തൊഴിലില്ലായ്മക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ. കേരളത്തിലെ തൊഴിലില്ലായ്മയുടെ അവസ്ഥ കശ്മീരിലേതിന് സമാനമാണെന്ന് അദ്ദേഹം പറഞ്ഞു. 128-ാമത് മാരമൺ കൺവെൻഷനിൽ പ്രഭാഷണം നടത്തവെയാണ് അദ്ദേഹത്തിന്റെ പരാമർശം. എന്തുകൊണ്ടാണ് മലയാളികൾ നാട് വിടുന്നത്. അതിന് പ്രധാന കാരണം തൊഴിലില്ലായ്മ ആണ്. കേരളത്തിൽ യുദ്ധമില്ല, അയൽക്കാർ ആക്രമിക്കാൻ വരുന്നില്ല എന്നിട്ടും കേരളത്തിലെ തൊഴിലില്ലായമാ അവസ്ഥ കാശ്മീരിലെ പോലെയാണ്. 40% യുവതി യുവാക്കൾക്ക് മാത്രമേ കേരളത്തിൽ തൊഴിൽ തിരഞ്ഞെടുക്കാൻ സാധിക്കുന്നുള്ളുവെന്ന് അദ്ദേഹം വിമർശിച്ചു.

സംസ്ഥാനത്തെ എംപ്ലോയ്മെന്റ് ഓഫീസുകളിലെ കണക്കുകൾ ഞെട്ടിക്കുന്നതാണ്. മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയായവരിൽ പോലും 9000 പേർ തൊഴിൽരഹിതരാണ്. ആറായിരത്തോളം എംബിഎ ബിരുദധാരികളാണ് തൊഴിൽ രഹിതർ. എഞ്ചിനീയറിങ് ബിരുദധാരികളുടെ അവസ്ഥ അതിലും മോശമാണെന്നും ഇതുകൊണ്ടൊക്കെ തന്നെയാണ് കേരളത്തിൽ നിന്നുള്ള കുടിയേറ്റം വലിയ പ്രശ്നമാകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അര ലക്ഷത്തോളം ചെറുപ്പക്കാർ വർഷത്തിൽ ഇന്ത്യ വിടുന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കുടിയേറ്റം വലിയ ഒരു പ്രശ്നം ആണെങ്കിലും താൻ അതിനെ ഒരു തെറ്റായി കാണുന്നില്ല. എന്നാൽ കേരളത്തിൽ ഒന്നുമില്ല എന്ന് ചിന്തിച്ചാണ് അവർ പോകുന്നതെങ്കിൽ നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു. കേരളത്തെ കൂടുതൽ അട്രാക്റ്റീവ് ആക്കേണ്ടിയിരിക്കുന്നു. നമ്മൾ വിദേശത്ത് പഠിക്കുന്നത് സ്വന്തം രാജ്യത്ത് പ്രയോഗിക്കണം. വിദേശത്ത് ജീവിക്കാനാണ് യുവ തലമുറ കൂടുതൽ താല്പര്യം കാണിക്കുന്നത്. നമ്മൾ അവരെ തിരിച്ചു വരുത്തുന്നതിനുള്ള ശ്രമങ്ങൾ നടത്തണം. അതിന് വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പടെ മാറ്റങ്ങൾ കൊണ്ടുവരണം. പഠിക്കുന്നതല്ല ഇന്നത്തെ തലമുറക്ക് ആവശ്യമായി വരുന്നത്. അതിന് അർഥം കേരളത്തിലെ വിദ്യാഭ്യാസം മോശമാണെന്നല്ലെന്നും അത് വളരെ മികച്ചത് തന്നെയാണെന്നും തരൂർ ചൂണ്ടിക്കാട്ടി.

എന്നാൽ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്, റോബോട്ടിക്സ് പോലെയുള്ള ആധുനിക സംവിധാനങ്ങളെക്കുറിച്ച് പഠിക്കുന്നതിനുള്ള സാഹചര്യമില്ല എന്നത് വളരെ സങ്കടകരമാണ്. എന്ത് ചിന്തിക്കണം എന്നതിന് പകരം എങ്ങനെ ചിന്തിക്കണം എന്നാണ് നമ്മൾ കുട്ടികളെ പഠിപ്പിക്കേണ്ടത്. രാഷ്ട്രീയ ഇടപെടലുകൾ വിദ്യാഭ്യാസ മേഖലയിൽ ആവശ്യമില്ല. ഇതെല്ലാം പല രാജ്യങ്ങൾ കണ്ടതിന്റെ അനുഭവത്തിൽ തോന്നിയ തന്റെ മാത്രം ആശയങ്ങളാണ്. ഏകദേശം ഒരു ലക്ഷത്തോളം കമ്പനികൾ ഇന്ത്യയിൽ ഒരു വർഷത്തിൽ സ്ഥാപിക്കപ്പെടുന്നുണ്ട്. എന്നാൽ കേരളത്തിന്റെ ചില സ്വഭാവങ്ങൾ നിക്ഷേപകരെ പേടിപ്പിക്കുന്നുണ്ട്. ഇതിന് നമ്മൾ മാറ്റം കൊണ്ടുവരണം. ഹർത്താലും ഹർത്താൽ അക്രമങ്ങളും ജനാധിപത്യവിരുദ്ധമാണ്. അതിനോട് താൻ യോജിക്കുന്നില്ല. ഇതിനൊക്കെ മാറ്റം കൊണ്ടുവന്നാൽ കേരളത്തിലേക്ക് നിക്ഷേപകരെത്തും. മാത്രമല്ല തൊഴിൽ മേഖലകളിൽ കൂടുതൽ സ്ത്രീ പ്രാതിനിധ്യം നൽകണം. കേരളത്തിൽ നിലവിലുള്ള തൊഴിൽ സാഹചര്യങ്ങൾ വനിത സൗഹൃദപരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.