ന്യൂഡൽഹി: ഒരു രാജ്യം, ഒരു നികുതി, ഒരു ട്രിബ്യൂണൽ നയം ഫെഡറൽ തത്വങ്ങൾക്ക് എതിരാണെന്ന് സംസ്ഥാന ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ. ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുക്കുന്ന ഈ നയം അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, ജിഎസ്ടി ട്രിബ്യൂണൽ രൂപീകരണം സംബന്ധിച്ച് തീരുമാനം ആകാതെയാണ് കൗൺസിൽ യോഗം പിരിഞ്ഞത്. കേരളവും, തമിഴ്‌നാടും, ഉത്തർപ്രദേശും, ബംഗാളും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ എതിർപ്പിനെ തുടർന്നാണ് വിഷയത്തിൽ തീരുമാനമുണ്ടാകാത്തത്.
ട്രിബ്യൂണൽ രൂപീകരണം സംബന്ധിച്ച് കേന്ദ്ര സർക്കാർ മുന്നോട്ട് വച്ച നിർദേശങ്ങൾ കേരളം ശക്തമായി എതിർത്തു. നികുതി പിരിവുമായി ബന്ധപ്പെട്ട് സംസ്ഥാന നിയമങ്ങൾ ഉണ്ട്. അതിനാൽ തന്നെ ട്രിബ്യൂണൽ അംഗങ്ങളുടെ നിയമനം ഉൾപ്പടെയുള്ള കാര്യങ്ങളിൽ സംസ്ഥാനങ്ങൾക്ക് തീരുമാനം എടുക്കാൻ അധികാരം ഉണ്ടായിരിക്കണമെന്ന് കെ എൻ ബാലഗോപാൽ യോഗത്തെ അറിയിച്ചു.
ജിഎസ്ടി ട്രിബ്യൂണൽ സംബന്ധിച്ച കേന്ദ്ര നിർദേശത്തെ തമിഴ്നാട് ധനകാര്യ മന്ത്രി പളനിവേൽ ത്യാഗരാജനും ശക്തമായി എതിർത്തു. ഉത്തർപ്രദേശ് ധനകാര്യ മന്ത്രി സുരേഷ് കുമാർ ഖന്ന ഉൾപ്പടെ മറ്റ് ചില സംസ്ഥാനങ്ങളിലെ ധനകാര്യ മന്ത്രിമാരും ട്രിബ്യുണൽ രൂപീകരണം സംബന്ധിച്ച കേന്ദ്ര ശുപാർശയോട് വിയോജിപ്പ് അറിയിച്ചതോടെ സംസ്ഥാനങ്ങളുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് അടുത്ത യോഗത്തിന് മുമ്പായി ട്രിബ്യൂണൽ രൂപീകരണം സംബന്ധിച്ച കരട് ശുപാർശ തയ്യാറാക്കാമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ വ്യക്തമാക്കുകയായിരുന്നു.

