കെഎസ്ആര്‍ടിസി ശമ്പളം പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍; പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി ജീവനക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഫെബ്രുവരി മാസത്തെ ശമ്ബള വിതരണം പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. ശമ്ബളത്തിന്റെ 65 ശതമാനം ആദ്യ ഗഡുവായും ബാക്കി തുക അടുത്ത ഗഡുക്കളായും നല്‍കുമെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.

അതേസമയം, മാനേജ്മെന്റിന്റെ തീരുമാനത്തെ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ജീവനക്കാരുടെ നിലപാട്. അഞ്ചാം തീയതി തന്നെ മുഴുവന്‍ ശമ്ബളവും നല്‍കണമെന്നാണ് യൂണിയന്റെ ആവശ്യം. മാനേജ്മെന്റ് നിലപാടിനെതിരെ ഇന്നലെ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനങ്ങള്‍ ഇന്നും തുടരാനാണ് യൂണിയനുകളുടെ തീരുമാനം. എന്നാല്‍, ശമ്ബളം ഗഡുക്കളായി വിതരണം ചെയ്യുക എന്നതിനപ്പുറത്തേക്ക് തങ്ങള്‍ക്കൊന്നും ചെയ്യാനാവില്ലെന്നാണ് മാനേജ്മെന്റ് പറയുന്നത്. സാമ്ബത്തിക പ്രതിസന്ധി രൂക്ഷമാണെന്നും സര്‍ക്കാര്‍ സഹായം ലഭിച്ചാലല്ലാതെ മുഴുവന്‍ ശമ്ബളവും നല്‍കാനാവില്ലെന്നും മാനേജ്മെന്റ് കൂട്ടിച്ചേര്‍ത്തു.

പ്രതിഷേധത്തിന്റെ ഭാഗമായി 28ാം തീയതി ചീഫ് ഓഫീസുകളിലേക്ക് സിഐടിയു മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനവ്യാപകമായി പ്രതിഷേധം വിപുലപ്പെടുത്തതിനുള്ള ആലോചനയിലാണ് ടിഡിഎസും ബിഎംഎസും. തിരുവനന്തപുരം മാത്രം കേന്ദ്രീകരിച്ച് നടന്നിരുന്ന പ്രതിഷേധം സംസ്ഥാനമാകെ വ്യാപിപ്പിക്കാനാണ് സംഘടനകളുടെ തീരുമാനം. സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിലും ശമ്ബള ഉത്തരവിന്റെ പകര്‍പ്പ് കത്തിച്ച് ജീവനക്കാര്‍ ഇന്നലെ പ്രതിഷേധിച്ചിരുന്നു.