കൊച്ചി: ലൈഫ് മിഷന്‍ കോഴ കേസില്‍ കള്ളപ്പണ ഇടപാടോ ഗൂഢാലോചനയോ താന്‍ അറിഞ്ഞിട്ടില്ലെന്നും സന്തോഷ് ഈപ്പനെ പരിചയപ്പെടുത്തിയത് ശിവശങ്കറാണെന്നും യു.വി ജോസിന്റെ മൊഴി. അതേസമയം കോഴക്കേസില്‍ ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത് ഇഡി ഇന്നും തുടരും. സ്വപ്നയുമായുള്ള വാട്‌സ്ആപ്പ് ചാറ്റുകളുടെ വിശദാംശങ്ങള്‍ തേടും. കസ്റ്റഡിയിലുളള ശിവശങ്കറിനെയും യുവി ജോസിനെയും ഒരുമിച്ചുരുത്തി വ്യക്തതവരുത്താനാണ് നീക്കം.
അതേസമയം, 2019 സെപ്റ്റംബര്‍ ഏഴിന് സ്വപ്ന സുരേഷുമായി ശിവശങ്കര്‍ നടത്തിയ വാട്‌സ്ആപ് ചാറ്റാണ് ഇന്നലെ പുറത്തു വന്നത്. യുഎഇയിലെ ഫണ്ടിങ് ഏജന്‍സിയായ റെഡ് ക്രസിന്റിനെ ലൈഫ് മിഷന്‍ പദ്ധതിയിലേക്ക് കൊണ്ടുവരാന്‍ എന്തൊക്കെ ചെയ്യണമെന്ന് ശിവശങ്കര്‍ സ്വപ്നയോട് നിര്‍ദേശിക്കുന്നതിന്റെ വിവരങ്ങള്‍ ഇതിലുണ്ട്. ഇതിനായി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയക്കേണ്ട കത്തിന്റെ മാതൃകയും ശിവശങ്കര്‍ നല്‍കിയിട്ടുണ്ട്.
രവീന്ദ്രനോട് ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താമെന്നും സംഭാഷണത്തിലുള്ളതിനാല്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി എം രവീന്ദ്രന് ഇക്കാര്യങ്ങള്‍ മുന്‍കൂട്ടി അറിയാമായിരുന്നു എന്നാണ് ഇഡിയുടെ സംശയം. അതിനിടെ കോഴപ്പണം കണ്ടെത്തിയ ലോക്കര്‍ ശിവശങ്കര്‍ പറഞ്ഞിട്ടാണ് തുറന്നതെന്നും എല്ലാം ശിവശങ്കറിന്റെ അറിവോടെയായിരുന്നെന്നും ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ നേരത്തെ മൊഴി നല്‍കിയിട്ടുണ്ട്.

