കൊച്ചി: സംസ്ഥാനത്തെ ആദായ നികുതി വകുപ്പ് മലയാള സിനിമാ നിര്‍മാണ മേഖലയില്‍ നടത്തിയ റെയ്ഡില്‍ 225 കോടി രൂപയുടെ കളളപ്പണ ഇടപാട് കണ്ടെത്തി. നികുതിയായി ഖജനാവിലേക്ക് എത്തേണ്ട 72 കോടിയോളം രൂപയാണ് മറച്ചുപിടിച്ചത്.
കഴിഞ്ഞ ഡിസംബര്‍ 15 മുതലായിരുന്നു മലയാള സിനിമാ നിര്‍മാണ മേഖലയുമായി ബന്ധപ്പെ്ട്ട സൂപ്പര്‍ താരങ്ങളുടെയും പ്രമുഖ നിര്‍മാതാക്കളുടെയും വീടുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടന്നത്. മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, ലിസ്റ്റിന്‍ സ്റ്റീഫന്‍, ആന്റോ ജോസഫ്, ആന്റണി പെരുമ്പാവൂര്‍ തുടങ്ങി മലയാള സിനിമാ മേഖലയില്‍ നിര്‍മാണ രംഗത്ത് സജീവമായവരുടെ സാമ്പത്തിക ഇടപാടുകളിലും നിര്‍മാണ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചായിരുന്നു പരിശോധന.
അതേസമയം, മോഹന്‍ലാലിന്റെ മൊഴി ഇന്നലെയാണ് ആദായനികുതി വകുപ്പ് രേഖപ്പെടുത്തിയത്. സിനിമയിറങ്ങി രണ്ടാഴ്ച കഴിയും മുന്‍പ് തന്നെ കളക്ഷന്‍ അന്‍പതും എഴുപതും കോടി കഴിഞ്ഞെന്ന് ചില നിര്‍മാതാക്കള്‍ തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അവകാശപ്പെട്ടതിനെ തുടര്‍ന്നായിരുന്നു റെയ്ഡ്. ചില താരങ്ങളും നിര്‍മാതാക്കളും ദുബായ്, ഖത്തര്‍ കേന്ദീകരിച്ചാണ് വന്‍ നിക്ഷേപം നടത്തിയിട്ടുള്ളത്. ഇവരില്‍ ചിലരുടെ വിദേശ ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ പരിശോധിക്കുന്നത് ആദായ നികുതി വകുപ്പ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം തുടരുകയാണ്. വിജയ ചിത്രങ്ങളിലൂടെ പ്രശസ്തനായ യുവ നിര്‍മാതാവിന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ചപ്പോള്‍ ചില തമിഴ്‌സിനിമാ നിര്‍മാതാക്കളും ബിനാമി ഇടപാടിലുടെ മലയാള സിനിമയില്‍ പണം മുടക്കുന്നതായി വ്യക്തമായിട്ടുണ്ട്.

