കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ ആറ് മാസം കൂടി വേണ്ടിവരുമെന്ന് ഹൈക്കോടതിയെ അറിയിച്ച് വിചാരണ കോടതി. വിചാരണ പൂർത്തിയാക്കാൻ സമയം നീട്ടി ചോദിച്ച് സുപ്രീം കോടതിയിൽ അപേക്ഷ നൽകിയെന്ന് വ്യക്തമാക്കി ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് വിചാരണ കോടതി ഇക്കാര്യം അറിയിച്ചത്.
നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയുടെ ജാമ്യ ഹർജിയിലാണ് റിപ്പോർട്ട് നൽകിയത്. വിചാരണ പൂർത്തിയാക്കാൻ എത്ര സമയം വേണമെന്ന് അറിയിക്കണമെന്ന് നേരത്തെ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേസിൽ പൾസർ സുനിയ്ക്കെതിരെ അതിജീവത നൽകിയ മൊഴി ഹാജരാക്കണമെന്നും വിചാരണ കോടതിയ്ക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ഫെബ്രുവരി 27 ന് ജാമ്യഹർജി കോടതി വീണ്ടും പരിഗണിക്കും.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ ദിലീപ് രംഗത്തെത്തിയിരുന്നു. മഞ്ജു വാര്യരെ ചോദ്യം ചെയ്യാൻ പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടുന്ന കാരണങ്ങൾ വ്യാജമാണെന്ന് ദിലീപ് സുപ്രീം കോടതിയിൽ വ്യക്തമാക്കി. സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിലാണ് ദിലീപ് ഇക്കാര്യം വ്യക്തമാക്കിയത്.

