കൊച്ചി: സ്വപ്ന സുരേഷിന് ജോലി നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതായി എം.ശിവശങ്കര്‍ സ്വപ്നയെ അറിയിക്കുന്ന വാട്‌സാപ് ചാറ്റ് പുറത്ത്. ‘നിനക്ക് ജോലി വാങ്ങിത്തരണമെന്ന് സിഎം എന്നോടു പറഞ്ഞിട്ടുണ്ട്. പക്ഷെ അത് താഴ്ന്ന പദവിയായിരിക്കും. എങ്കിലും നേരത്തേയുള്ളതിന്റെ ഇരട്ടി ശമ്പളം കിട്ടും’ – എന്നാണ് ശിവങ്കര്‍ ചാറ്റില്‍ പറയുന്നത്. ശിവശങ്കറും സ്വപ്നയും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റുകളുടെ വിശദാംശങ്ങള്‍ അടക്കമാണ് ഇഡി കോടതിയില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
തെളിവായി നല്‍കിയ വാട്‌സാപ്പ് ചാറ്റുകളിലെ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് അറസ്റ്റിനു മുമ്പുള്ള മൂന്നു ദിവസം ശിവശങ്കറിനെ ഇഡി ചോദ്യം ചെയ്തത്. എന്നാല്‍, ശിവശങ്കര്‍ ചോദ്യം ചെയ്യലുമായി സഹകരിക്കാത്ത സാഹചര്യത്തില്‍ വീണ്ടും ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്നു ചൂണ്ടിക്കാട്ടിയാണ് ഇഡി ശിവശങ്കറിനെ കസ്റ്റഡിയില്‍ ലഭിക്കാന്‍ അപേക്ഷ സമര്‍പ്പിച്ചത്. തുടര്‍ന്ന് കോടതി അഞ്ച് ദിവസത്തേക്ക് ശിവശങ്കറിനെ കസ്റ്റഡിയില്‍ വിടുകയായിരുന്നു. ശിവശങ്കറിന്റെ ആരോഗ്യസ്ഥിതി പരിഗണിച്ച് രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്യലിനുശേഷം അര മണിക്കൂര്‍ ഇടവേള അനുവദിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അതേസമയം, കേസുമായി ബന്ധപ്പട്ട മറ്റു ചില വാട്‌സാപ്പ് ചാറ്റുകളുടെ വിശദാംശങ്ങളും നേരത്തെ പുറത്തു വന്നിരുന്നു. കോഴപ്പണം എത്തിയതിന്റെ തലേന്ന് സ്വപ്നയുമായി ശിവശങ്കര്‍ നടത്തിയ വാട്‌സാപ് ചാറ്റാണ് സുപ്രധാന തെളിവായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഇഡി കോടതിയില്‍ സമര്‍പ്പിച്ചത്.

