മാര്‍ബര്‍ഗ് വൈറസ്; ലോകാരോഗ്യ സംഘടനയുടെ ജാഗ്രതാനിര്‍ദ്ദേശം

ഇക്വറ്റോറിയല്‍ ഗിനിയയില്‍ തീവ്രവ്യാപന ശേഷിയുള്ള മാര്‍ബര്‍ഗ് വൈറസ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ലോകാരോഗ്യ സംഘടന ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. എബോളയ്ക്ക് സമാനമായ ഈ വൈറസ് ബാധിച്ച് ഒമ്പതു പേര്‍ മരിച്ചതായും ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ പതിനാറ് പേര്‍ക്കു കൂടി രോഗം ബാധിച്ചതായാണ് സംശയിക്കുന്നത്. രോഗലക്ഷണങ്ങളുള്ള ഇരുനൂറോളം പേരെ ക്വാറന്റീന്‍ ചെയ്തിരിക്കുകയാണ്.

ഹെമറേജിക് ഫീവറിന് കാരണമാകുന്ന മാരകമായ വൈറസാണിത്. രോഗം ബാധിച്ചാല്‍ മരണം സംഭവിക്കാനുള്ള സാധ്യത 88 ശതമാനമാണ്. പഴംതീനി വവ്വാലുകളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുക വഴിയാണ് രോഗം മനുഷ്യരിലേക്ക് പകരുന്നത്. വവ്വാലില്‍ നിന്ന് ആരിലെങ്കിലും വൈറസ് വ്യാപിച്ചാല്‍ അയാളില്‍ നിന്ന് മറ്റുള്ളവരിലേക്ക് പെട്ടെന്ന് വൈറസ് പകരും. രോഗിയുടെ ശരീരത്തിലെ മുറിവുകള്‍, രക്തം, ശരീര സ്രവങ്ങള്‍ തുടങ്ങിയവയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടാല്‍ രോഗം ബാധിക്കും.

അതേസമയം, രോഗം തീവ്രമാകുന്നതോടെ കഠിനമായ ആലസ്യം, കുഴിഞ്ഞ കണ്ണുകള്‍, വലിഞ്ഞു മുറുകിയ മുഖം എന്നിവ കാണപ്പെടാം. ഉയര്‍ന്ന പനി, അസഹ്യമായ തലവേദന, മസില്‍ വേദന, ശരീര വേദന, ഛര്‍ദ്ദി, അടിവയര്‍ വേദന, ഡയേറിയ എന്നിവയാണ് ലക്ഷണങ്ങള്‍. ഏഴുദിവസത്തിനുള്ളില്‍ ബ്രെയിന്‍ ഹെമറേജും രക്തസ്രാവവും ബാധിച്ചാണ് മരണപ്പെടുന്നത്. എന്നാല്‍, മാര്‍ബര്‍ഗ് വൈറസിനായി മാത്രമുള്ള ചികിത്സാ രീതി നിലവില്‍ കണ്ടുപിടിച്ചിട്ടില്ല. റീഹ്രൈഡ്രേഷന്‍ പോലുള്ള സപ്പോര്‍ട്ടീവ് ചികിത്സയാണ് രോഗിക്ക് നല്‍കുക. നിലവില്‍ മാര്‍ബര്‍ഗ് വൈറസിന് അംഗീകൃതമായ വാക്‌സിന്‍ ലഭ്യമല്ല.