വയനാട്: വൃത്തിയുടെ നഗരമായ സുൽത്താൻ ബത്തേരിയിൽ ഇനി മുതൽ മാലിന്യം വലിച്ചെറിഞ്ഞാൽ കനത്ത പിഴ നൽകേണ്ടിവരും. നഗരത്തിൽ അലക്ഷ്യമായി മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ 25,000 രൂപ വരെ പിഴ ഈടാക്കാനാണ് തീരുമാനം.
നഗരസഭയിൽ ക്ലീൻ സിറ്റി മാനേജരുടെ നേതൃത്വത്തിൽ പരിശോധന നടത്തും. വൃത്തിയാക്കിയ റോഡരികിൽ ശുചിത്വ സന്ദേശ ബോർഡുകൾ, സി.സി.ടി.വി എന്നിവ സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായും നഗരസഭ ചെയർമാൻ ടി കെ രമേശ് അറിയിച്ചു.
പൊതു സ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത് തടയുന്നതിന്റെ ഭാഗമായി സർക്കാർ ആവിഷ്‌കരിച്ച് നടപ്പിലാക്കിയ വലിച്ചെറിയൽ മുക്ത ക്യാമ്പയിനോടനുബന്ധിച്ച് സുൽത്താൻ ബത്തേരി നഗരസഭയിലെ വിവിധ സ്ഥലങ്ങൾ വൃത്തിയാക്കി. കൊളഗപ്പാറ മുതൽ ദൊട്ടപ്പൻകുളം വരെയും, ചുങ്കം മുതൽ തൊടുവെട്ടി വരെയും ബീനച്ചി മുതൽ മന്ദംകൊല്ലി വരെയും കെ.എസ്.ആർ.ടി.സി സ്റ്റാന്റ് ഭാഗത്തും റോഡിന് വശത്തുള്ള കാടുകൾ വെട്ടിമാറ്റി വൃത്തിയാക്കി. പൊതു റോഡിലെ പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങളും മറ്റു മാലിന്യങ്ങളും നീക്കംചെയ്തു.

