കുരുക്ക് മുറുക്കി ഇഡി; ശിവശങ്കറിന്റെ സുഹൃത്തായ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന് നോട്ടീസ്

കൊച്ചി: ലൈഫ് മിഷന്‍ കോഴയിടപാടില്‍ ലോക്കര്‍ തുടങ്ങിയ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന് നോട്ടീസ് അയച്ച് ഇഡി. ശിവശങ്കരന്റെ സുഹൃത്ത് വേണുഗോപാല്‍ അയ്യര്‍ എന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റിനാണ് നോട്ടീസ് നല്‍കിയത്. ചോദ്യം ചെയ്യലിനായി നാളെ കൊച്ചിയില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. ഇരുവരെയും ഒരുമിച്ച് ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം.

അതേസമയം, ശിവശങ്കറിന്റെ നിര്‍ദ്ദേശ പ്രകാരമാണ് വേണുഗോപാല്‍, സ്വപ്ന സുരേഷിനായി ലോക്കര്‍ തുടങ്ങിയതെന്നും, സംയുക്ത അക്കൗണ്ട് തുടങ്ങിയ ശേഷം ഈ വിവരം ശിവശങ്കറിനെ അറിയിച്ചിരുന്നതായും സ്വപ്‌ന നേരത്തെ മൊഴി നല്‍കിയിരുന്നു. എന്നാല്‍, അതേക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്നാണ് ശിവശങ്കര്‍ ആവര്‍ത്തിക്കുന്നത്.

ടെണ്ടറില്ലാതെ ലൈഫ് മിഷന്‍ കരാര്‍ യൂണിടാക്കിന് നല്‍കാന്‍ ശിവശങ്കറിന് ഒരു കോടി രൂപ കോഴ ലഭിച്ചെന്നാണ് മൊഴി. ശിവശങ്കറിന് പുറമെ മറ്റ് ആരൊക്കെ അഴിമതിയില്‍ പങ്കാളികളായെന്നും ഇഡി പരിശോധിക്കുന്നുണ്ട്. മൂന്ന് കോടി മുപ്പത്തി എട്ട് ലക്ഷം രൂപയുടെ കോഴ ഇടപാടാണ് ഇഡി കണ്ടെത്തിയതെങ്കിലും വിദേശത്തും ഇടപാട് നടന്നെന്ന് സ്വപ്ന സുരേഷ് അടക്കം ആരോപിച്ചിട്ടുണ്ട്.