പാകിസ്താനിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു; ജനങ്ങൾക്ക് ഇരുട്ടടിയായി ഇന്ധനവില കുതിച്ചുയരുന്നു

ഇസ്ലാമാബാദ്: പാകിസ്താനിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു. ഇതിനിടെ ജനങ്ങളുടെ മേൽ വീണ്ടും പ്രഹരവുമായി എത്തിയിരിക്കുകയാണ് പാകിസ്താൻ സർക്കാർ. ഇന്ധനവില വീണ്ടും വർധിപ്പിക്കാനാണ് പാകിസ്താന്റെ തീരുമാനം.

ഫെബ്രുവരി 16 മുതൽ പെട്രോളിനും ഡീസലിനും ലിറ്ററിന് 32 പാകിസ്താൻ രൂപ വരെ വർധിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്. പെട്രോൾ വില 12.8 ശതമാനത്തോളവും ഡീസൽ വില 12.5 ശതമാനത്തോളവും വർധിക്കുമെന്നും അധികാരികൾ വ്യക്തമാക്കുന്നു. മണ്ണെണ്ണയുടെ വിലയിലും വർധനവുണ്ടാകും.

പാക്ക് രൂപയുടെ മൂല്യം കുറയുന്നതും എണ്ണ ഇറക്കുമതിയുടെ ചെലവ് കൂടുന്നതുമാണ് ഇന്ധനവില വർധനയ്ക്ക് കാരണം. പാൽ, പച്ചക്കറി, മാംസം ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങൾക്കും വില കുതിച്ചുയരുന്ന സാഹചര്യമാണ് പാകിസ്താനിലുള്ളത്. ജനങ്ങളെ വിലക്കയറ്റം തീരാദുരിതത്തിലാക്കിയിരിക്കുകയാണ്. രാജ്യത്ത് ഭീകരാക്രമണങ്ങൾ വർദ്ധിച്ചതോടെ ചൈനയും പാകിസ്താനെ കൈവിട്ട അവസ്ഥയിലാണ്. പാകിസ്താനിലെ എംബസ്സിയിലെ കോൺസുലർ സെക്ഷൻ അടച്ചുപൂട്ടി. സാങ്കേതിക കാരണങ്ങൾ കാരണമാണ് എംബസി പൂട്ടിയതെന്നാണ് അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്.