നാഗ്പുർ: വ്യക്തിപൂജയിൽ നിലപാട് വ്യക്തമാക്കി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ഒരു വ്യക്തി, ഒരു തത്വശാസ്ത്രം എന്നതിന് രാജ്യത്തെ വളർത്താനോ തകർക്കാനോ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘നല്ല രാജ്യങ്ങളിൽ’ ആശയ വൈവിധ്യം നിലനിൽക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നാഗ്പുരിൽ രാജ്രത്ന പുരസ്കാർ സമിതിയുടെ പുരസ്കാര വിതരണ സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ഒരു വ്യക്തി, ഒരു ചിന്ത, ഒരു സംഘം, ഒരു തത്വശാസ്ത്രം എന്നിവയ്ക്കു രാജ്യത്തെ വളർത്താനോ തകർക്കാനോ സാധ്യമല്ല. ലോകത്തെ നല്ല രാജ്യങ്ങളിലെല്ലാം എല്ലാവിധ ചിന്താധാരകളുമുണ്ട്. അവിടങ്ങളിൽ എല്ലാ തരം സംവിധാനങ്ങളുമുണ്ട്. ബഹുതല സംവിധാനങ്ങളുടെ ബലത്തിൽ അവർ വളരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

