കൊച്ചി: ലൈഫ് മിഷന് കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ അറസ്റ്റ് അറസ്റ്റ് ചെയ്ത് ഇഡി. സ്വപ്ന സുരേഷിന്റെ ലോക്കറില്‍ നിന്ന് പിടികൂടിയ പണം ലൈഫ് മിഷന് കോഴ കള്ളപ്പണമാണെന്ന മൊഴികളിലാണ് ഇഡി ശിവശങ്കറിനെ തിങ്കളാഴ്ച ചോദ്യം ചെയ്തത്. ലൈഫ്മിഷന് പദ്ധതിയുടെ കരാര്‍ ലഭിക്കാന്‍ 4 കോടി 48 ലക്ഷം രൂപ കോഴ നല്‍കിയെന്ന് യൂണിടാക് എം.ഡി സന്തോഷ് ഈപ്പന് മൊഴി നല്‍കിയിരുന്നു. കേസില്‍ സ്വര്‍ണക്കടത്തു കേസ് പ്രതികളായ സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും സന്ദീപിന്റെയും മൊഴികള്‍ ശിവശങ്കറിനെതിരായിരുന്നു.
മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിനൊടുവില്‍ ഇന്നലെ രാത്രി 11.30നാണ് അറസ്റ്റ് ചെയ്തത്. തുടര്‍ച്ചയായി ചോദ്യം ചെയ്തിട്ടും ശിവശങ്കര്‍ കുറ്റം സമ്മതിച്ചിരുന്നില്ല. എന്നാല്‍, തെളിവുകളും സന്തോഷ് ഈപ്പനുമൊന്നിച്ച് ചോദ്യം ചെയ്തതിലെ മൊഴിയും വൈരുദ്ധ്യമായതാണ് അറസ്റ്റിന് കാരണമായത്.
അതേസമയം, ഇത് നാലാം തവണയാണ് കേന്ദ്ര ഏജന്‍സികള്‍ ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നത്. മുന്‍പ് 2020 ഒക്ടോബര്‍ 28ന് സ്വര്‍ണക്കടത്തില്‍ കള്ളപ്പണം വെളുപ്പിച്ച കേസിലാണ് ശിവശങ്കറിനെ ആദ്യം ഇ.ഡി അറസ്റ്റ് ചെയ്യുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ നവംബര്‍ 25ന് എന്‍.ഐ.എ അറസ്റ്റ് ചെയ്തു. 2021 ജനുവരി 20ന് ഡോളര്‍ കടത്ത് കേസില്‍ കസ്റ്റംസും അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. തുടര്‍ച്ചയായി 69 ദിവസം ജയില്‍വാസം നടത്തിയ ശേഷം പുറത്തിറങ്ങിയ ശിവശങ്കര്‍ സസ്പെന്‍ഷനിലായെങ്കിലും പിന്നീട് അദ്ദേഹത്തെ സര്‍വീസില്‍ തിരിച്ചെടുത്തു. എന്നാല്‍ വിരമിച്ചതിന് പിന്നാലെ ഏതാണ്ട് രണ്ട് വര്‍ഷത്തിന് ശേഷം ലൈഫ് മിഷന് കേസില്‍ ശിവശങ്കര്‍ വീണ്ടും അറസ്റ്റ് ചെയ്യപ്പെടുകയാണ്.

